ന്യൂഡൽഹി: വനിതാ സിവിൽ ജഡ്‌ജിമാരെ പിരിച്ചുവിട്ട സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പുരുഷന്മാർക്ക് ആർത്തവം ഉണ്ടായിരുന്നെങ്കിൽ മാത്രമേ സ്‌ത്രീകളുടെ ബുദ്ധിമുട്ട് മനസിലാകൂ എന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. ജഡ്‌ജിമാരുടെ പ്രകടനം തൃപ്‌തികരമല്ലെന്ന് കണ്ടെത്തി 2023 ജൂണിൽ മധ്യപ്രദേശ് സർക്കാർ ആറ് ജഡ്‌ജിമാരെ പിരിച്ചുവിട്ട സംഭവത്തിലാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. ജസ്‌റ്റിസുമാരായ ബിവി നാഗരത്ന, എൻ കോട്ടിശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രൊബേഷൻ കാലയളവിൽ ഹൈക്കോടതി ജഡ്‌ജിമാരുടെ പ്രകടനം തൃപ്‌തിതരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭരണസമിതിയും ഹൈക്കോടതി ജഡ്‌ജിമാരുടെ ഫുൾ കോർട്ട് കമ്മിറ്റിയും പിരിച്ചുവിടൽ ഉത്തരവുകൾ പാസാക്കുകയായിരുന്നു. ജഡ്‌ജിമാർ കേസുകൾ തീര്‍പ്പാക്കുന്നത് വൈകുന്നു, കോടതി നടപടികള്‍ മന്ദഗതിയിലാണ് തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വനിതാ ജഡ്‌ജിമാര്‍ എന്നും കോടതി നടപടികള്‍ വൈകിക്കുന്നുവെന്ന് പറയാൻ സാധിക്കുമോ എന്ന് ചോദിച്ച സുപ്രീം കോടതി, സ്‌ത്രീകളുടെ ശാരീരിക-മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് എടുത്തുപറഞ്ഞു. പ്രത്യേകിച്ച് സ്‌ത്രീകള്‍ ശാരീരികമായും മാനസികമായും കഷ്‌ടപ്പെടുന്നവരാണെങ്കില്‍ പിരിച്ചുവിടുന്നതല്ല ഉചിതമായ നടപടിയെന്ന് കോടതി വിലയിരുത്തി. പുരുഷന്മാർക്ക് ആർത്തവം ഉണ്ടായിരുന്നെങ്കിൽ മാത്രമേ അവർക്ക് സ്‌ത്രീകളുടെ ബുദ്ധിമുട്ട് മനസിലാകൂ എന്നും ജസ്റ്റിസ് നാഗരത്ന വാക്കാല്‍ വിമര്‍ശിച്ചു.
ജഡ്‌ജിമാർ മാനസികമായും ശാരീരികമായും കഷ്‌ടുപ്പെടുന്നുണ്ടെങ്കില്‍ കേസുകൾ തീർപ്പാക്കുന്നതിൻ്റെ നിരക്കിലും വ്യത്യാസം വരും. ഇതിനെ അളവുകോൽ ആകാൻ കഴിയില്ലെന്നും ബെഞ്ച് ഊന്നിപ്പറഞ്ഞു. ജില്ലാ ജുഡീഷ്യറിയിലെ കേസുകൾ തീർപ്പാക്കുന്നതിനുള്ള ക്രമീകരണത്തെയും ബെഞ്ച് ചോദ്യം ചെയ്‌തു. കേസ് കൂടുതൽ വാദം കേൾക്കാൻ ഡിസംബർ 12ന് നീട്ടിവച്ചു. സംഭവത്തില്‍ മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാളാണ് അമിക്കസ്ക്യൂറിയായി പ്രവർത്തിച്ചത്.