തിരുനെൽവേലി:നെല്ലായിയില്‍ തള്ളിയ മെഡിക്കൽ മാലിന്യം കേരളത്തിലേക്ക് തിരിച്ച് അയക്കാനുളള നടപടികള്‍ ആരംഭിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവ് പ്രകാരമാണ് മാലിന്യം കേരളത്തിലേക്ക് തിരികെ കൊണ്ടുപോകാനുളള നടപടികള്‍ ആരംഭിച്ചത്. ഇതിനായി തിരുവനന്തപുരം ജില്ലയിലെ അസിസ്റ്റന്‍റ് കളക്‌ടർ സച്ചി, ഹെൽത്ത് ഓഫിസർ കോബകുമാർ എന്നിവരുൾപ്പെടെ ഇരുപതിലധികം ഉദ്യോഗസ്ഥർ നെല്ലായിയില്‍ എത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നടുക്കല്ലൂർ, കൊടകനല്ലൂർ, മേലതിടിയൂർ എന്നിങ്ങനെ വിവിധ ഭാഗങ്ങളായി തിരിച്ചാണ് മാലിന്യം കയറ്റി അയക്കുന്നത്. ഇവിടെ നിന്ന് ജെസിബി ഉപയോഗിച്ച് മാലിന്യം ട്രക്കുകളിൽ കയറ്റി കേരളത്തിലേക്ക് കൊണ്ടുപോകും. മാലിന്യം കേരളത്തിലെത്തുന്നുവെന്ന് ഉറപ്പാക്കാൻ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാനും തമിഴ്‌നാട് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
തള്ളിയത് ടൺ കണക്കിന് മാലിന്യം:നെല്ലായിക്ക് അടുത്ത് നടുക്കല്ലൂർ, കൊടകനല്ലൂർ, കൊണ്ടനഗരം എന്നിവിടങ്ങളിൽ ദിവസങ്ങൾക്ക് മുമ്പ് ടൺകണക്കിന് മെഡിക്കൽ മാലിന്യം കെട്ടുകളാക്കി തള്ളുകയായിരുന്നു. സംഭവത്തില്‍ നെല്ലായി ജില്ലയിലെ സുട്ടമല്ലി സ്വദേശികളായ മനോഹർ (51), മായാണ്ടി (42) എന്നിവരെ ഡിസംബർ 19ന് അറസ്റ്റ് ചെയ്‌തിരുന്നു.
തുടർന്ന് മൂന്ന് ദിവസത്തിനകം മാലിന്യം നീക്കം ചെയ്യാൻ കേരളത്തോട് ദേശീയ ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം കാൻസർ സെൻ്ററിൽ നിന്നും സ്വകാര്യ ആശുപത്രിയിൽ നിന്നുമുള്ള മെഡിക്കല്‍ മാലിന്യമാണ് തളളിയത് എന്ന് തെളിയിക്കാന്‍ മേഖലയില്‍ നിന്ന് കണ്ടെത്തിയ ആശുപത്രി രേഖകള്‍ തിരുനെൽവേലി ജില്ലാ ഭരണകൂടം ഹരിത ട്രൈബ്യൂണലിന് കൈമാറി.
രണ്ടുപേർ കൂടി അറസ്റ്റിൽ:നേരത്തെ അറസ്റ്റിലായവരെ ചോദ്യം ചെയ്‌തതിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ (ഡിസംബർ 21) സേലം ജില്ലയിൽ നിന്നുള്ള ചെല്ലദുരൈ, കേരള സ്റ്റേറ്റ് മെഡിക്കൽ വേസ്റ്റ് മാനേജ്‌മെന്‍റിലെ സ്വകാര്യ കമ്പനിയിൽ നിന്ന് നിതിൻ ജോർജ് എന്നിവരെ കൂടി പൊലീസ് അറസ്റ്റ് ചെയ്‌തു. തുടർന്ന് മെഡിക്കൽ മാലിന്യം കൊണ്ടുവന്ന് തള്ളാൻ ഉപയോഗിച്ചത് ചെല്ലദുരൈയുടെ ലോറിയാണെന്ന് സ്ഥിരീകരിച്ച പൊലീസ് ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പരിശോധനക്ക് എത്തിയത് കേരളത്തിലെ ഉദ്യോഗസ്ഥർ:ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവ് അനുസരിച്ച് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻജിനീയർ പിൻസി അഹമ്മദ്, ഹെൽത്ത് ഓഫിസർ കോബകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ട് ഉദ്യോഗസ്ഥരുടെ സംഘം ഇന്നലെ (ഡിസംബർ 20) നെല്ലായി ജില്ലയിലെ ഏഴ് സ്ഥലങ്ങളിൽ നേരിട്ടുള്ള പരിശോധന നടത്തി. തുടർന്ന് ജില്ലാ കളക്‌ടർ കാർത്തികേയനുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തിയിരുന്നു.
Also Read:ജനലിലൂടെ പുറത്തേക്കെറിയണ്ട..; കെഎസ്ആര്‍ടിസി ബസുകളില്‍ വേസ്‌റ്റ് ബിനുകള്‍ വരുന്നു...