ഹൈദരാബാദ് :നിർമ്മാതാവ്, മാധ്യമ സംരംഭകൻ, വിദ്യാഭ്യാസ-പത്ര പ്രവർത്തകൻ എന്നിങ്ങനെ പലവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു റാമോജി റാവു. 1936 നവംബർ 16-ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയില്‍ ഒരു കാര്‍ഷിക കുടുംബത്തിലാണ് റാമോജി റാവു ജനിച്ചത്. കുട്ടിക്കാലം മുതല്‍ തന്നെ പുതിയ കാര്യങ്ങൾ പഠിക്കാനും ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനും കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനും അദ്ദേഹം ശ്രദ്ധാലുവായിരുന്നു.
റാമോജിയുടെ ബിസിനസിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് മാർഗദർശി ചിറ്റ്ഫണ്ട്സിലൂടെയായിരുന്നു. മൂല്യങ്ങളുടെ അടിത്തറയിൽ കെട്ടിപ്പടുത്ത പ്രസ്ഥാനം വിജയപാതയിൽ മുന്നേറി. തുടര്‍ന്ന് വ്യത്യസ്‌തമായ നിരവധി മേഖലകളില്‍ വിജയം നേടിയ അദ്ദേഹം ആന്ധ്രയിലെ ഏറ്റവും വലിയ വ്യവസായ ശൃംഖലയാണ് പടുത്തുയര്‍ത്തിയത്.
1996-ലാണ് അദ്ദേഹം ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റി സ്ഥാപിക്കുന്നത്. ഈനാട് പത്രം, ഇടിവി നെറ്റ്‌വര്‍ക്ക്, രമാദേവി പബ്ലിക് സ്‌കൂള്‍, ഉഷാകിരണ്‍ മുവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷന്‍, പ്രിയ ഫുഡ്‌സ്, മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കലാഞ്ജലി എന്നിങ്ങനെ വിവിധ വ്യവസായ സംരംഭങ്ങളിലൂടെ അദ്ദേഹം രാജ്യത്തെ നിരവധി പേര്‍ക്ക് പ്രചോദനമായി മാറി.
അദ്ദേഹത്തിൻ്റെ അവിശ്വസനീയമായ യാത്രയിലെ ഒരു നാഴികക്കല്ലാണ് ഇടിവി ചാനൽ ശൃംഖല. 1995-ലാണ് ഇടിവി നെറ്റ്‌വർക്കിന് അദ്ദേഹം തുടക്കം കുറിക്കുന്നത്. വ്യത്യസ്‌ത ഭാഷകളില്‍ 12 ചാനലുകളായിരുന്നു ഇടിവി നെറ്റ്‌വര്‍ക്കിന് കീഴില്‍ ആദ്യം സംപ്രേഷണം ആരംഭിച്ചത്. അറിവിനൊപ്പം വിനോദവും പകര്‍ന്ന് ഇവ ജനപ്രിയത കൈവരിച്ചു.