ഓരോ മനുഷ്യന്‍റെയും എല്ലാ ജീവജാലങ്ങളുടെയും നിലിനല്‍പ്പിന് അത്യന്താപേക്ഷിതമാണ് വെള്ളം അഥവാ ജലം. നമ്മുടെ ആരോഗ്യത്തിനും അതിപ്രധാനമാണ് വെള്ളം. കോശങ്ങളിലേക്ക് പോഷകങ്ങൾ എത്തിക്കുക, ശരീരത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യുക, സന്ധികളെയും അവയവങ്ങളെയും സംരക്ഷിക്കുക, ശരീര താപനില നിലനിർത്തുക തുടങ്ങി നമ്മുടെ ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളിലും ജലം ഒരു സുപ്രധാന പങ്ക് വഹിക്കുന്നു.
സ്ഥിരതയില്ലാത്ത കാലാവസ്ഥയും, മലനീകരണവും ഉള്‍പ്പടെ ഇക്കാലത്ത് നിരവധി ഘടകങ്ങള്‍ ജലക്ഷാമത്തിത്തിലേക്ക് നയിച്ചിട്ടുണ്ട്. ലഭിക്കേണ്ട മഴയുടെ അളവില്‍ കുറവ് വരുന്നതും, കാലാവസ്ഥാ വ്യതിയാനവും തന്നെയാണ് ഇതിന് പ്രധാന കാരണം.
![ABHIJIT BANERJEE WARNS WATER CRISIS WATER CRISIS IN INDIA REASONS OF WATER CRISIS WATER CRISES MAY BIGGEST ISSUE](https://etvbharatimages.akamaized.net/etvbharat/prod-images/24-12-2024/23184311_water5.jpg)
ജലക്ഷാമവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഐക്യരാഷ്‌ട്ര സഭ നല്‍കിയ ഒരു മുന്നറിയിപ്പും ശ്രദ്ധേയമാണ്, ലോകം ഇനിയൊരു യുദ്ധത്തിന് സാക്ഷ്യം വഹിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുകയാണെങ്കില്‍ അത് ജലത്തിന് വേണ്ടിയാകും എന്നതായിരുന്നു ഈ വര്‍ഷം ആദ്യം യുഎൻ നല്‍കിയ മുന്നറിയിപ്പ്.
ബിസി 2500-ൽ മെസൊപ്പൊട്ടേമിയയിലും ബിസി 720-ൽ അസീറിയയിലും ബിസി 101-ൽ ചൈനയിലും ബിസി 48-ൽ ഈജിപ്‌തിലും ഉൾപ്പെടെ ജലത്തെച്ചൊല്ലിയുള്ള യുദ്ധങ്ങൾ മുമ്പ് നടന്നിട്ടുണ്ട്. നിലവിലെ ജലലഭ്യതയും ഭാവി പ്രവചനങ്ങളും വിശകലനം ചെയ്‌ത യുഎൻ, ഏകദേശം 300 മേഖലകളിൽ വെള്ളത്തെച്ചൊല്ലി യുദ്ധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സ്ഥിരീകരിച്ചു. അടുത്ത 50 മുതൽ 100 വർഷത്തിനുള്ളിൽ ജലയുദ്ധത്തിന് 75% മുതല്‍ 95% വരെയാണ് സാധ്യതയെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഭാവിയില്‍ ഇന്ത്യയിലെ ജലക്ഷാമത്തെ കുറിച്ച് ആശങ്ക രേഖപ്പെടുത്തി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് വിനായക് ബാനർജി. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വരാനിരിക്കുന്ന ജലക്ഷാമത്തെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.
![ABHIJIT BANERJEE WARNS WATER CRISIS WATER CRISIS IN INDIA REASONS OF WATER CRISIS WATER CRISES MAY BIGGEST ISSUE](https://etvbharatimages.akamaized.net/etvbharat/prod-images/24-12-2024/23184311_water.jpg)
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഒരു പോലെ വെള്ളം വിതരണം ചെയ്‌തില്ലെങ്കില്‍ ഭാവിയില്‍ വലിയ രീതിയില്‍ ജലക്ഷാമം നേരിടുമെന്നാണ് അദ്ദേഹത്തിന്‍റെ മുന്നറിയിപ്പ്. മുതലാളിമാര്‍ക്കും പണക്കാര്‍ക്കും കൂടുതല്‍ വെള്ളം നല്‍കുകയും പാവപ്പെട്ടവര്‍ക്ക് കുറച്ച് വെള്ളം നല്‍കുകയും ചെയ്യുന്ന രീതി ശരിയല്ലെന്നും കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നവരുടെ അടുത്ത് നിന്നും കൂടുതല്‍ തുക ഈടാക്കണമെന്നും അദ്ദേഹം പറയുന്നു.
അഭിജിത് വിനായക് ബാനർജി വളരെക്കാലമായി കൃഷി, കൃഷിയിലെ ജല ഉപയോഗം തുടങ്ങി വിഷയങ്ങളില്‍ ഗവേഷണം നടത്തിവരികയാണ്. നിലവില്‍ രാജ്യത്ത് ജലക്ഷാമമുള്ള മേഖലകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന സ്ഥിതിയാണ് ഉള്ളത്, ഇതുകൊണ്ട് തന്നെ ജലനിരപ്പ് താഴ്‌ന്നു കൊണ്ടിരിക്കുകയാണ്. അടുത്ത 10-15 വർഷത്തിനുള്ളിൽ കടുത്ത ജലക്ഷാമം നേരിട്ടേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് 60 ശതമാനത്തിലധികം പേരും കൃഷിയെ ആശ്രയിച്ച് ജിവീക്കുന്നവരായതിനാല്‍ കാര്‍ഷിക മേഖലയില്‍ ജലക്ഷാമം നേരിട്ടാല്‍ വലിയ പ്രതിസന്ധി സൃഷ്‌ടിക്കും. എല്ലാവര്‍ക്കും തുല്യമായി വെള്ളം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണമെന്നും, ഒരുമിച്ച് നിന്ന് ഭാവിയില്‍ വരാനിരിക്കുന്ന ഈ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യാമെന്ന രീതികള്‍ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
![ABHIJIT BANERJEE WARNS WATER CRISIS WATER CRISIS IN INDIA REASONS OF WATER CRISIS WATER CRISES MAY BIGGEST ISSUE](https://etvbharatimages.akamaized.net/etvbharat/prod-images/24-12-2024/23184311_water-2.jpg)
ഇടിവി ഭാരതുമായി നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍
ഇടിവി ഭാരത്: നമ്മുടെ രാജ്യത്തെ ജലക്ഷാമത്തിന്‍റെ വ്യാപ്‌തി എത്ര വലുതാണ്, ജനങ്ങൾ അതിനെ കുറിച്ച് എത്രമാത്രം ബോധവാന്മാരാണ്?
അഭിജിത് വിനായക് ബാനർജി: ജലസംരക്ഷണത്തിൽ രാജ്യത്തെ ജനങ്ങളുടെ പങ്ക് എല്ലാവർക്കും അറിയാം. വെള്ളം എല്ലാവർക്കും തുല്യമായി പങ്കിടണം. ഉദാഹരണത്തിന്, പണമുള്ളവർക്കും, മുതലാളിമാര്‍ക്കും കൂടുതൽ വെള്ളം നൽകരുത്. കൂടുതൽ വെള്ളം ഉപയോഗിക്കുന്നവരിൽ നിന്ന് കൂടുതൽ തുക ഈടാക്കണം. ജലക്ഷാമവുമായി ബന്ധപ്പെട്ടുള്ള അനന്തരഫലങ്ങളെ കുറിച്ച് ചിന്തിച്ചില്ലെങ്കില്‍ ഭാവിയില്‍ പശ്ചാത്തപിക്കും.
ഇടിവി ഭാരത്: ജലക്ഷാമം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യയിലെ ഏത് സംസ്ഥാനങ്ങളെയാണ്?
അഭിജിത് വിനായക് ബാനർജി: പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ജലക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. ആന്ധ്രപ്രദേശിലെയും കർണാടകയിലെയും ചില ഭാഗങ്ങളിലും ഈ പ്രശ്‌നം നേരിടുന്നുണ്ട്.
![ABHIJIT BANERJEE WARNS WATER CRISIS WATER CRISIS IN INDIA REASONS OF WATER CRISIS WATER CRISES MAY BIGGEST ISSUE](https://etvbharatimages.akamaized.net/etvbharat/prod-images/24-12-2024/23184311_water-1.jpg)
ഇടിവി ഭാരത്: സർക്കാരും സാധാരണക്കാരും വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് ബോധവാന്മാരാണോ?
അഭിജിത് വിനായക് ബാനർജി: സർക്കാര്‍ ഈ വിഷയത്തില്‍ ഇടപെടേണ്ടതുണ്ട്. അതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ആവശ്യമാണ്. ഇപ്പോൾ ഇക്കാര്യം ചെയ്‌തില്ലെങ്കിൽ പിന്നീട് എല്ലാവരും പശ്ചാത്തപിക്കുമെന്ന് ആളുകൾ മനസിലാക്കണം.
ഇന്ത്യയില്‍ ജലക്ഷാമം നേരിടുന്നതിനുള്ള പ്രധാന കാരണങ്ങള്‍
- കാലാവസ്ഥാ വ്യതിയാനം : പ്രവചനാതീതമായ കാലാവസ്ഥയും ക്രമരഹിതമായ മഴയും
- ജലസേചനത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കും നികത്താൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ ഭൂഗർഭജലം കുറയുന്നു.
- മലിനീകരണം : വ്യാവസായിക മാലിന്യങ്ങളും കാർഷിക മാലിന്യങ്ങളും ഉപരിതല ജലസ്രോതസ്സുകളെ മലിനമാക്കുന്നു
![ABHIJIT BANERJEE WARNS WATER CRISIS WATER CRISIS IN INDIA REASONS OF WATER CRISIS WATER CRISES MAY BIGGEST ISSUE](https://etvbharatimages.akamaized.net/etvbharat/prod-images/24-12-2024/23184311_water-protest.jpg)
- ഭൂഗർഭജലത്തിന്‍റെ അമിത ഉപയോഗം : ഇത് ഭൂഗർഭജല ശേഖരം ഇല്ലാതാക്കുകയും കിണറുകൾ വറ്റിവരളാൻ ഇടയാക്കുകയും ചെയ്യും
- ജനസംഖ്യാ വളർച്ച : ദ്രുതഗതിയിലുള്ള നഗരവൽക്കരണവും ജനസംഖ്യാ വളർച്ചയും ജലസ്രോതസുകളിൽ സമ്മർദ്ദം ചെലുത്തുന്നു.
- സുസ്ഥിരമല്ലാത്ത കാർഷിക രീതികൾ
- ദ്രുതഗതിയിലുള്ള നഗരവൽക്കരണവും വ്യവസായവൽക്കരണവും
Read Also: മോദിയുടെ മൂന്നാമൂഴം; രാഹുലിന്‍റെ തിരിച്ചുവരവ്, പ്രിയങ്കയുടെ അരങ്ങേറ്റം: 2024 ൽ ഇന്ത്യ കണ്ടത്