ന്യൂഡല്‍ഹി: ബലാത്സംഗ, ആസിഡ് ആക്രമണ, ലൈംഗിക ചൂഷണ, പോക്‌സോ അതിജീവിതര്‍ക്ക് സൗജന്യ വൈദ്യചികിത്സ ലഭ്യമാക്കണമെന്ന് ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും നഴ്‌സിങ് ഹോമുകളിലും ഇവരുടെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കിയാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, ജസ്റ്റിസ് അമിത് ശര്‍മ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളോട് ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. ഇവര്‍ക്ക് അടിയന്തര വൈദ്യ സഹായമടക്കം ആവശ്യമുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രഥമ ശുശ്രൂഷ, രോഗനിര്‍ണയം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള വിശദ ചികിത്സകള്‍, പിന്നീടുള്ള തുടര്‍ ചികിത്സകള്‍, ലാബ് പരിശോധനകള്‍, ആവശ്യമെങ്കില്‍ ശസ്‌ത്രക്രിയ, ശാരീരികവും മാനസികവുമായ കൗണ്‍സിലിങ്, മാനസിക പിന്തുണ, ഫാമിലി കൗണ്‍സിലിങ് അടക്കമുള്ളവ നല്‍കണമെന്നാണ് കോടതി വിശദീകരിച്ചിട്ടുള്ളത്.
നിത്യവും നിരവധി പോക്‌സോ-ബലാത്സംഗ കേസുകളാണ് കോടതികള്‍ക്ക് മുന്നിലെത്തുന്നത്. അതിജീവിതര്‍ക്ക് അടിയന്തര വൈദ്യസഹായവും ദീര്‍ഘകാലത്തെ വൈദ്യസഹായങ്ങളും ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭാരതീയ ന്യായസംഹിതപ്രകാരവും ഇന്ത്യന്‍ കുറ്റാന്വേഷണ നിയമപ്രകാരവും നിരവധി നിര്‍ദേശങ്ങളും ആരോഗ്യമന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ടെങ്കിലും ഇവര്‍ ചികിത്സയ്ക്ക് നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. തങ്ങളുടെ ഉത്തരവ് എല്ലാ കോടതികള്‍ക്കും കൈമാറണമെന്നും നിര്‍ദേശമുണ്ട്.