ന്യൂഡൽഹി:മണിപ്പൂരിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നുവെന്ന യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ റിപ്പോർട്ട് തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. റിപ്പോർട്ട് പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം തള്ളിയത്. അടുത്തിടെ പുറത്തിറക്കിയ '2023 കൺട്രി റിപ്പോർട്ട് ഓൺ ഹ്യൂമൻ റൈറ്റ്സ് പ്രാക്‌ടീസ്: ഇന്ത്യ' റിപ്പോർട്ടി'ല്‍ മണിപ്പൂരിലെ മെയ്തേയ്, കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ വംശീയ ഏറ്റുമുട്ടലുകൾ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമായതായി പറയുന്നുണ്ട്. സംഭവത്തെ ലജ്ജാകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
റിപ്പോർട്ട് തീര്‍ത്തും പക്ഷപാതപരവും ഇന്ത്യയെക്കുറിച്ചുള്ള മോശം ധാരണയെ പ്രതിഫലിപ്പിക്കുന്നതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ന്യൂഡൽഹിയിൽ നടത്തിയ പ്രതിവാര മാധ്യമ സമ്മേളനത്തിൽ പറഞ്ഞു. റിപ്പോര്‍ട്ടിന് തങ്ങള്‍ ഒരു വിലയും കല്‍പിക്കുന്നില്ല എന്നും ജയ്‌സ്വാൾ വ്യക്തമാക്കി.