ബെംഗളൂരു: ബെംഗളൂരുവിലെ ഐടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച മന്ത്രി പി രാജീവിന്‍റെ നടപടിയെ അപലപിച്ച് കര്‍ണാടക ഐടി മന്ത്രി എം ബി പാട്ടീല്‍ രംഗത്ത്. വെള്ള ക്ഷാമത്തിന്‍റെ പശ്ചാത്തലത്തിലാണ് വ്യവസായ-നിയമ മന്ത്രി പി രാജീവ് ബെംഗളൂരുവിലെ ഐടി കമ്പനികളെ സംസ്ഥാനത്തേക്ക് ക്ഷണിച്ചത്.
വെള്ളക്ഷാമം പ്രകൃതി പ്രതിഭാസമാണെന്നും കേരളത്തിലും അത് സംഭവിച്ച് കൂടായ്‌കയില്ലെന്നും പാട്ടീല്‍ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ ഫെഡറല്‍ സംവിധാനത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മന്ത്രിയുടെ പരാമര്‍ശം ആരോഗ്യകരമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജീവിന്‍റെ നടപടി പ്രകോപനപരമാണെന്നും പാട്ടീലിന്‍റെ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. നമ്മള്‍ ഒരു രാജ്യത്തെ ആളുകളാണ്. അത് കൊണ്ട് തന്നെ പരസ്‌പര ധാരണയിലധിഷ്‌ഠിതമായ കൊടുക്കല്‍ വാങ്ങലുകളാണ് ആവശ്യം. ആരും ഇത്തരം അവസരങ്ങള്‍ മുതലെടുക്കാനല്ല ശ്രമിക്കേണ്ടത്. ആര്‍ക്കും ഇതില്‍ നിന്ന് യാതൊരു ഗുണവും അവസാനമുണ്ടാകില്ല. കേരള മന്ത്രി ഈ അടിസ്ഥാന വസ്‌തുതകള്‍ മനസിലാക്കണം.
ഇക്കൊല്ലം ലോകത്തിന്‍റെ പല ഭാഗത്തും ജല ക്ഷാമമുണ്ടായി. ഐടി കമ്പനികള്‍ സ്ഥിതി ചെയ്യുന്ന ബെംഗളൂരുവിലെ ഇടങ്ങളില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടില്ല. കേരളത്തില്‍ നിന്നുള്ള എത്രയോ യുവാക്കള്‍ ഇവിടെ സുഖകരമായി ജോലി ചെയ്യുന്നുണ്ടെന്നതും മറക്കരുത്. കേരളം ഒരു സംസ്ഥാനമെന്ന നിലയില്‍ ആവശ്യമുള്ളത്രയും നിക്ഷേപം ആകര്‍ഷിക്കണം. അതിന് അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ ഇത്തരം വില കുറഞ്ഞ രാഷ്‌ട്രീയം ഭൂഷണമല്ലെന്നും എം ബി പാട്ടീല്‍ പറഞ്ഞു.