നാഗ്‌പൂര്‍ :മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ കേസ് ചുമത്തിയ ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ ജി.എൻ. സായിബാബ ജയില്‍ മോചിതനായി. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജി എൻ സായിബാബ ജയില്‍ മോചിതനാകുന്നത്. ശാരീരിക അവശതകൾ മൂലം വീൽചെയറിലുള്ള സായിബാബ 2014-ൽ കേസിൽ അറസ്റ്റിലായത് മുതൽ നാഗ്‌പൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്.
ആരോഗ്യം മോശമായതിനാൽ എനിക്ക് സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. കോടതി കുറ്റവിമുക്തനാക്കിയതിന് ശേഷമുള്ള സായിബാബയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്. നാഗ്‌പൂര്‍ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അഭിഭാഷകനും കുടുംബാംഗങ്ങൾക്കുമൊപ്പം അദ്ദേഹം ഉടൻ വീട്ടിലേക്ക് പുറപ്പെട്ടു (GN Saibaba released after 10 years in prison in Maoist link case).
കഴിഞ്ഞ ദിവസമാണ് ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി ഉത്തരവിറക്കിയത്. ബോംബെ ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ചിന്‍റേതായിരുന്നു സുപ്രധാന വിധി. ജസ്റ്റിസ് വിനയ് ജോഷി, ജസ്റ്റിസ് വാല്‍മീകി എസ് എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേസില്‍ സായി ബാബയെ കൂടാതെ മറ്റ് അഞ്ചു പേരെ കൂടി ഹൈക്കോടതി വെറുതെ വിട്ടിട്ടുണ്ട്.
2014ലാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് സായിബാബ അറസ്റ്റ് ചെയ്യപ്പെടുന്നത്. റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ടുമായുള്ള ബന്ധമാണ് കേസിനാധാരം. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട സംഘടനയാണ് ഇത്.
ആർഡിഎഫ് പോലുള്ള സംഘടനകളുടെ മറവിൽ സിപിഐ മാവോയിസ്റ്റിനു വേണ്ടി പ്രവർത്തിച്ചു എന്നതായിരുന്നു സായി ബാബയ്‌ക്കെതിരെ ഉണ്ടായിരുന്ന ആരോപണം. ലഘുലേഖകളും, ഇലക്ട്രോണിക് തെളിവുകളുമാണ് സായിബാബയ്‌ക്കെതിരെ പൊലീസ് ഹാജരാക്കിയത്. സായിബാബയോടൊപ്പം കേസിൽ കുറ്റാരോപിതനായ പണ്ഡ് നെറോത്തെ 2022 ഓഗസ്റ്റിൽ മരണപ്പെട്ടിരുന്നു (GN Saibaba released after 10 years in prison in maoist link case).
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 12 ബി, യുഎപിഎയിലെ 13, 18, 20, 38, 39 വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. 2017-ൽ, മഹാരാഷ്ട്രയിലെ ഗഡ്‌ചിരോളി ജില്ല സെഷൻസ് കോടതി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന കാരണത്താല്‍ സായിബാബയെ കൂടാതെ ഒരു പത്രപ്രവർത്തകനെയും, ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥിയുൾപ്പെടെ ആറ് പേരെ കുറ്റക്കാരായി വിധിക്കുകയായിരുന്നു.
ഗഡ്‌ചിറോളി സെഷൻസ് കോടതിയിൽ കേസിന്‍റെ വാദം നടക്കുന്ന സാഹചര്യത്തിലാണ് സായിബാബയുൾപ്പെടെ ആറ് പേർ അപ്പീലുമായി ബോംബെ ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രതികൾക്കെതിരായ കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനാൽ എല്ലാ പ്രതികളെയും വെറുതെ വിടുന്നതായി ബെഞ്ച് വിധി പറഞ്ഞു.