ഇംഫാൽ:വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആന്തരികമായി കുടിയിറക്കപ്പെട്ട മണിപ്പൂരിലെ ജനവിഭാഗത്തിന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ സൗകര്യങ്ങള്‍ സജ്ജമാക്കാൻ ഔദ്യോഗിക വൃത്തങ്ങള്‍. ഇതിനായി സംസ്ഥാനത്ത് ഉടനീളം 29 പോളിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് നീക്കം. ഇതിലൂടെ കുടിയിറക്കപ്പെട്ട 5000-ലധികം പേര്‍ക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കുമെന്നാണ് കണക്ക് കൂട്ടല്‍.
കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച മാർഗനിർദേശം അനുസരിച്ച് കുടിയിറക്കപ്പെട്ടവരെ വോട്ടുചെയ്യാൻ പ്രാപ്‌തമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്‌തിട്ടുണ്ടെന്ന് പോളിംഗ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. വംശീയ സംഘർഷം മൂലമുണ്ടായ അക്രമവും കുടിയിറക്കലും കണക്കിലെടുത്ത്, ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് വോട്ടുചെയ്യാൻ പ്രത്യേക പോളിങ് സ്‌റ്റേഷനുകൾ തങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്ന് വെള്ളിയാഴ്‌ച (ഏപ്രിൽ 12) മാധ്യമങ്ങളോട് സംസാരിച്ച ഇംഫാൽ വെസ്‌റ്റ് ഡെപ്യൂട്ടി കമ്മീഷണർ കിരൺ കുമാർ പറഞ്ഞു. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരത്തിലുള്ള 29 പോളിങ് സ്‌റ്റേഷനുകൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലയ്ക്കുള്ളിൽ കുടിയിറക്കപ്പെട്ടവർ അവരുടെ നിയുക്ത പോളിങ് സ്‌റ്റേഷനുകളില്‍ വോട്ട് രേഖപ്പെടുത്തും. ഞങ്ങൾ നൽകുന്ന ഗതാഗത സേവനങ്ങളല്ലാതെ അവർക്ക് പ്രത്യേക ക്രമീകരണങ്ങളൊന്നുമില്ലെന്നും കിരൺ കുമാർ വ്യക്തമാക്കി. ആക്രമണ പശ്ചാത്തലമുള്ളതിനാൽ ഇംഫാൽ വെസ്‌റ്റിലേക്ക് മാറ്റിയ മറ്റ് പാർലമെന്‍റ് മണ്ഡലങ്ങളിലെ ആളുകൾക്കായി ഞങ്ങൾ പ്രത്യേക പോളിങ് സ്‌റ്റേഷനുകൾ തുറന്നിട്ടുണ്ട്. ഇന്നർ മണിപ്പൂരിനായി ഞങ്ങൾ 29 പോളിങ് സ്‌റ്റേഷനുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും ഏകദേശം 5,000 പേർ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരായുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില പോളിങ് സ്‌റ്റേഷനുകൾ പലായനം ചെയ്‌ത ആളുകൾക്കായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള പ്രക്രിയയിലാണെന്ന് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഓഫിസർ പറഞ്ഞു. എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒന്നോ രണ്ടോ മാസങ്ങളായി വടക്കുകിഴക്കൻ സംസ്ഥാനത്ത് സമാധാനം തിരിച്ചെത്തിയെന്നും ഡെപ്യൂട്ടി കമ്മിഷണർ കൂട്ടിച്ചേര്‍ത്തു.