തിരുനെല്‍വേലി(തമിഴ്‌നാട്):മംഗളുരുവിലെ വിവാദ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ പിടിയിലായതിന് പിന്നാലെ പന്ത്രണ്ട് കോടി രൂപ വില വരുന്ന പതിനഞ്ച് കിലോ സ്വര്‍ണം തിരുനെല്‍വേലിയില്‍ നിന്ന് കണ്ടെടുത്തു. അറസ്റ്റിലായ പ്രതികളിലൊരാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് സ്വര്‍ണം കണ്ടെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ മാസം പതിനേഴിന് രാവിലെ 11.30ഓടെയാണ് മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം തോക്കുകളും കത്തികളുമായി കര്‍ണാടകയിലെ മംഗളുരുവിന് സമീപമുള്ള ഉല്ലാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കെ സി റോഡിലെ കൊടെക്കര്‍ കാര്‍ഷിക സഹകരണ ബാങ്കിലേക്ക് ഇരച്ച് കയറി വന്‍ കവര്‍ച്ച നടത്തിയത്. സംഘം ബാങ്കിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്വര്‍ണാഭരണങ്ങളടക്കം സൂക്ഷിച്ചിരുന്ന ലോക്കറുകള്‍ തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. പിന്നീട് ഇവ കൊള്ളയടിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ നാലഞ്ച് ജീവനക്കാര്‍ മാത്രമേ ബാങ്കിലുണ്ടായിരുന്നുള്ളൂ.
വിവരമറിഞ്ഞ് ഉല്ലാല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും ആറിലേറെ പൊലീസ് സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്‌തു. തമിഴ്‌നാട്, കേരളം, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലായി അന്വേഷണവും തുടങ്ങി.
മൂന്ന് മോഷ്‌ടാക്കള്‍ പിടിയില്‍
തമിഴ്‌നാട്ടിലെ നെല്ലായ് ജില്ലയില്‍ നിന്നുള്ള കണ്ണന്‍ മണി എന്ന ആളെയാണ് ആദ്യം പിടിച്ചത്. മുംബൈയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റ് രണ്ട് പ്രതികളായ മുരുഗണ്ടി(36), ജോഷ്വ എന്നിവരെ രണ്ട് ദിവസം മുമ്പ് മംഗളുരു സ്‌പെഷ്യല്‍ പൊലീസ് നെല്ലായ് ജില്ലയിലെ കാലക്കടുവിന് സമീപമുള്ള പദ്‌മനേരി ഗ്രാമത്തില്‍ നിന്നും പിടികൂടി. ഇവരെ അംബാ സമുദ്രം ക്രിമിനല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം മംഗളുരുവിലേക്ക് കൊണ്ടു പോയി.