ഭോപ്പാല്‍:മധ്യപ്രദേശില്‍ ബിജെപി സ്ഥാനാർഥിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. യുവതി ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഭർത്താവും വീട്ടുക്കാരും സ്‌ത്രീധനത്തിന്‍റെ പേരിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയില്‍ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും മുഖ്യമന്ത്രി മോഹൻ യാദവിലും ആകൃഷ്‌ടയായ താൻ ബിജെപി അംഗത്വം എടുക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലും അതിന് മുമ്പുണ്ടായ തെരഞ്ഞെടുകളിലും ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്‌തിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഇത് തന്‍റെ ഭർത്താവിനെയും അമ്മായിയമ്മയെയും സഹോദരിമാരെയും രോഷാകുലരാക്കി. സംഭവത്തിന് പിന്നാലെ മുത്തലാഖ് ചൊല്ലിയ ഭർത്താവ് തന്നെ മർദിച്ചതായും യുവതി താന കോട്വാലി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
എട്ട് വർഷം മുമ്പാണ് അബ്‌ദുൾ ആസിഫ് മൻസൂരിയെ വിവാഹം കഴിച്ചതെന്ന് പരാതിക്കാരി പറയുന്നു. വിവാഹശേഷം സ്‌ത്രീധനമായി അഞ്ച് ലക്ഷം രൂപ കൊണ്ടുവരണമെന്ന് നിർബന്ധിച്ച് ഭർത്താവും അമ്മായിയമ്മയും നാല് സഹോദരങ്ങളും ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ഭർത്താവും അമ്മായിയമ്മയും ചേർന്ന് വീട്ടിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് മകനോടൊപ്പം വാടക വീട്ടിലാണ് താമസം. മൻസൂരി തന്നെ മർദിക്കുകയും മുത്തലാഖ് ചൊല്ലുകയും ചെയ്‌തെന്നും യുവതി പരാതിപ്പെട്ടു.
പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവിനും കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്കുമെതിരെ ഐപിസി സെക്ഷൻ 498 എ, 294, 34, സ്‌ത്രീധന നിയമത്തിലെ സെക്ഷൻ 3/4, മുസ്‌ലീം സ്‌ത്രീകള്‍ക്കുള്ള നിയമം സെക്ഷൻ 4 എന്നിവ പ്രകാരം കേസെടുത്തു. പ്രതികളെ ഉടൻ ചോദ്യം ചെയ്യുമെന്നും നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ALSO READ:'കൃഷ്‌ണാ ഗുരുവായൂരപ്പാ ഭഗവാനെ'; കൃഷ്‌ണ നാമം ചൊല്ലി സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ- വീഡിയോ