കൊൽക്കത്ത: ട്രെയിനിന്‍റെ മധ്യഭാഗത്തെ ബർത്ത് തകർന്നുവീണ് വയോധികന് ഗുരുതര പരിക്ക്. ഉത്തര ബംഗ എക്സ്പ്രസിൽ വടക്കൻ ബംഗാളിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന ബിമലേന്ദു റേക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെങ്കിലും അപകടനില തരണം ചെയ്‌തു.
ട്രെയിൻ സീൽദാ റെയിൽവേ സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെ മിഡിൽ ബർത്തിന്‍റെ ചങ്ങല പൊട്ടി റേയുടെ തലയിൽ വീണതാണ് അപകടകാരണമെന്ന് സഹയാത്രികൻ പറഞ്ഞു. ഗുരുതരമായി രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് സഹയാത്രികർ ആദ്യം സ്‌റ്റേഷൻ മാസ്‌റ്ററുടെ അടുത്തേക്ക് കൊണ്ടുപോയി, ശേഷം അടുത്തുള്ള എൻആർഎസ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഗുരുതരാവസ്ഥയില്‍ നിന്നും തരണം ചെയ്‌തെങ്കിലും വിശ്രമം ആവശ്യമാണെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചു.