ജല്‍ന: സിനിമ താരങ്ങളും ബിസിനസുകാരും ഉള്‍പ്പടെ പല പ്രമുഖരും മത്സരിച്ച് വിജയം കൊയ്യുകയും തോല്‍വി ഏറ്റുവാങ്ങുകയും ചെയ്‌ത ഇടമാണ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂമിക. മുഴുവന്‍ സമയ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ അല്ലാത്ത പലര്‍ക്കും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം വിജയത്തിന്‍റെ മാധുര്യം സമ്മാനിച്ചിട്ടുണ്ട്. ചിലരെ തീര്‍ത്തും മാറ്റി നിര്‍ത്തിയിട്ടുമുണ്ട്. 1980 മുതല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് തോല്‍വി ഏറ്റുവാങ്ങിയ കഥയാണ് മഹാരാഷ്‌ട്രയിലെ ജൽന ജില്ലയിലെ ബപ്‌കലിൽ നിന്നുള്ള ബാബാസാഹേബ് ഷിൻഡെക്ക് പറയാനുള്ളത്.
ജനാധിപത്യ മാർഗത്തിലൂടെ എംഎൽഎയും എംപിയും ആകണമെന്നായിരുന്നു ഷിൻഡെയുടെ ആഗ്രഹം. 1980ൽ ബദ്‌നാപൂർ അസംബ്ലി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഷിന്‍ഡെ മത്സരിച്ചു. എന്നാൽ പരാജയപ്പെട്ടു. ജനാധിപത്യത്തില്‍ ഉറച്ച് വിശ്വസിച്ച ഷിന്‍ഡെ, ഇതുവരെ 14 നിയമസഭാ തെരഞ്ഞെടുപ്പുകളിലും 9 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചു. അദ്ദേഹത്തിന്‍റെ മുഴുവന്‍ സമ്പാദ്യവും തെരഞ്ഞെടുപ്പില്‍ നിക്ഷേപിച്ചു. എന്നാല്‍ ഒരു തെരഞ്ഞെടുപ്പിലും വിജയിക്കാനായില്ല.
എങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല ഷിന്‍ഡെ. പുത്തന്‍ വീര്യത്തോടെയും കരുത്തോടെയും ഇപ്പോൾ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ് അദ്ദേഹം. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പത്താമത്തെ നാമനിർദേശ പത്രികയാണ് ഇത്തവണ സമർപ്പിക്കാൻ പോകുന്നത്. ജനാധിപത്യം നൽകുന്ന അവകാശങ്ങൾ എല്ലാ തലത്തിലും പൗരന്മാരിൽ എത്തണം എന്നത് മാത്രമാണ് തന്‍റെ ഉദ്ദേശമെന്ന് ബാബാസാഹേബ് ഷിൻഡെ ഇടിവി ഭാരതിനോട് പറഞ്ഞു.