ബുലന്ദ്ശഹര്‍ (ഉത്തർപ്രദേശ്) : മൊബൈൽ ഫോണിനെ ചൊല്ലി തർക്കം. ഉത്തർപ്രദേശിൽ യുവാവ് മധ്യവയസ്‌കനെ മർദിച്ച് കൊലപ്പെടുത്തി. ജൂലൈ 10 നാണ് കൊലപാതകത്തിന് കാരണമായ സംഭവം നടക്കുന്നത്.
മനോജ് എന്നയാളാണ് മരിച്ചത്. ഖുഷൽഗഢ് ഗ്രാമത്തിൽ വച്ച് മോഹിത്ത് എന്ന യുവാവിന്‍റെ മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടിരുന്നു. മൊബൈൽ ഫോൺ പ്രഭാത് എന്ന മറ്റൊരു യുവാവിന്‍റെ പക്കലുണ്ടെന്ന് അറിഞ്ഞ മോഹിത് അത് തിരികെ തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഫോൺ തിരികെ നൽകാൻ പ്രഭാത് വിസമ്മതിക്കുകയും ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ആയിരുന്നെന്ന് പൊലീസ് പറഞ്ഞു.
മോഹിത് ഈ വിവരം പൊലീസിൽ അറിയിച്ചു. എന്നാൽ പ്രഭാതിൻ്റെ അമ്മ നീരജ് ദേവി മോഹിത്തിനെ വിളിക്കുകയും അവരുടെ വീട്ടിൽ നിന്ന് ഫോൺ എടുക്കാൻ ആവശ്യപ്പെയുകയും ചെയ്യുകയായിരുന്നു. ഇവരുടെ വീട്ടിലെത്തിയ മോഹിത് മദ്യലഹരിയിലായിരുന്ന പ്രഭാതിനോടും അച്‌ഛൻ മനോജിനോടും വഴക്കുണ്ടാക്കി. പിന്നാലെ പൊലീസ് ഇടപെട്ട് ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിച്ചു.
ജൂലൈ 13 ന് നീരജ് ദേവി സീനിയർ പൊലീസ് സൂപ്രണ്ടിൻ്റെ ഓഫിസിൽ ഹാജരായി മോഹിത് തൻ്റെ ഭർത്താവിനെ വടി കൊണ്ട് പലതവണ ആക്രമിച്ചതായി പരാതി നൽകി. ആക്രമണത്തിൽ പരിക്കേറ്റ മനോജ് ആശുപത്രിയിലാണെന്നും നീരജ് ദേവി പരാതിയിൽ സൂചിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മനോജ് ജൂലൈ 14 ന് മരിച്ചു.
പിന്നാലെ അന്ന് ഉണ്ടായ വഴക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു. മാത്രമല്ല അതിൻ്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം മോഹിത്തിന് എതിരെ പൊലീസ് കേസെടുത്തു. എന്നാൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ മനോജ് മരിച്ചത് ഹൃദയസ്‌തംഭനം മൂലമാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഒരു ഔട്ട്‌പോസ്‌റ്റ് ഇൻചാർജിനെ സസ്പെൻഡ് ചെയ്‌തു. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
Also Read:ഇന്ധനം നിറച്ചതിന് പണം ചോദിച്ചു, കണ്ണൂരില്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ പൊലീസുകാരന്‍റെ ശ്രമം