കൊൽക്കത്ത :വ്യാജ കോൾ സെൻ്റർ തുറന്ന് യുഎസ് പൗരന്മാരെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാളെ കൂടി കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്‌തു. മുഹമ്മദ് താരിഖ് ആണ് പിടിയിലായത്. കൊൽക്കത്തയിൽ ഇരുന്നുകൊണ്ട് തന്നെ രാജ്യത്തിന്‍റെ അകത്തും പുറത്തുമുള്ള വിവിധ അക്കൗണ്ടുകൾ ഇയാൾ നിയന്ത്രിക്കാറുണ്ടെന്നാണ് ആരോപണം. കേസിൽ 12 പേരെ മുൻപ് പിടികൂടിയിരുന്നു.
അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (എഫ്ബിഐ) നിന്ന് പരാതി ലഭിച്ചതിനെത്തുടർന്നാണ് കൊൽക്കത്ത പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിലെ മുഖ്യപ്രതികളിൽ ഒരാൾ താരിഖ് ആണെന്നാണ് നിഗമനം. അതേസമയം താരിഖിനൊപ്പം മറ്റുള്ളവരും ജോലിയിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസിൽ മറ്റുള്ളവരുടെ പങ്കും അന്വേഷിച്ചു വരികയാണ്.
ഇയാൾ യുഎസ് പൗരന്മാരെ കബളിപ്പിച്ച് നേടിയ ഡോളറുകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് രൂപയാക്കി മാറ്റുകയാണ് ചെയ്യുന്നതെന്ന് കൊൽക്കത്ത പൊലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു. ക്രിപ്‌റ്റോ കറൻസിക്ക് പകരം ആ പണം താരിഖ് കൊൽക്കത്തയിലേക്ക് കൊണ്ടുവരാറുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.