ന്യൂഡൽഹി : കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് രണ്ട് ലക്ഷത്തോളം ശൈശവ വിവാഹങ്ങൾ തടയാനായെന്ന് കേന്ദ്ര വനിതാ ശിശുവികസന മന്ത്രി അന്നപൂർണാ ദേവി. ഈ തിന്മയിൽ നിന്ന് രാജ്യത്തെ പൂർണമായി മുക്തമാക്കണമെന്നും മന്ത്രി വ്യക്തമാക്കി. ബാല വിവാഹ മുക്ത ഭാരതം കാമ്പെയ്‌നിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു മന്ത്രി.
18 വയസ് തികയുന്നതിന് മുമ്പ് ഇന്ത്യയിൽ അഞ്ച് പെൺകുട്ടികളിൽ ഒരാൾ വിവാഹിതയാകുന്നു എന്നാണ് കണക്ക്. 2029 ഓടെ ശൈശവ വിവാഹ നിരക്ക് 5 ശതമാനത്തിൽ താഴെയായി കുറയ്ക്കാൻ പ്രത്യേക കർമ്മ പദ്ധതികൾ രൂപീകരിക്കാൻ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശൈശവ വിവാഹം ഉയര്‍ന്ന തോതിലുള്ള പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ത്രിപുര, അസം, ആന്ധ്രാപ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ് ബാല വിവാഹ മുക്ത ഭാരതം കാമ്പെയ്ന്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അന്നപൂർണാ ദേവി പറഞ്ഞു. ശൈശവ വിവാഹ നിരോധന നിയമം പോലുള്ള നിയമങ്ങൾ സഹായകരമാണെങ്കിലും നിയമനിർമാണത്തിന് മാത്രം പ്രശ്‌നം ഇല്ലാതാക്കാൻ കഴിയില്ല. അതിനാൽ അവബോധം വളർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദക്ഷിണേഷ്യയിലെ ശൈശവ വിവാഹ നിരക്ക് കുത്തനെ കുറഞ്ഞതിന് ഇന്ത്യയും മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയം - 2020, പിന്നാക്ക വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ എന്നിവയിലൂടെ പെൺകുട്ടികൾക്ക് അവരുടെ കഴിവുകൾ തിരിച്ചറിയാനുള്ള അവസരങ്ങൾ സര്‍ക്കാര്‍ സൃഷ്‌ടിക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രി അന്നപൂര്‍ണാ ദേവി പറഞ്ഞു.
Also Read: ശൈശവ വിവാഹം തടയണം, വ്യക്തി നിയമങ്ങള്‍ കൊണ്ട് ഇല്ലാതാക്കാനാകില്ല; കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി