ന്യൂഡല്‍ഹി : അമേരിക്ക കൈക്കൂലി ആരോപണം ഉയര്‍ത്തി കേസെടുത്ത സാഹചര്യത്തില്‍ വ്യവസായി ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പാര്‍ലമെന്‍റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ചെറിയ ചെറിയ കുറ്റങ്ങള്‍ക്ക് നൂറ് കണക്കിന് പേര്‍ ഇവിടെ അറസ്റ്റിലാകുന്നു. പിന്നെ എന്ത് കൊണ്ട് അദാനി ഒഴിവാക്കപ്പെടുന്നു'വെന്നും അദ്ദേഹം ചോദിച്ചു.
അമേരിക്കന്‍ വിദേശ അഴിമതി നിയമങ്ങള്‍ ലംഘിച്ചതിന് തനിക്കോ അനന്തരവന്‍ സാഗര്‍ അദാനിക്കോ എതിരെ അമേരിക്ക നിയമനടപടികള്‍ ഒന്നും കൈക്കൊണ്ടിട്ടില്ലെന്ന അവകാശവാദവുമായി ഗൗതം അദാനി രംഗത്ത് എത്തി മണിക്കൂറുകള്‍ക്കകമായിരുന്നു അറസ്റ്റ് ആവശ്യവുമായി രാഹുല്‍ രംഗത്ത് എത്തിയത്. അമേരിക്കന്‍ അധികൃതര്‍ കോടതിയില്‍ ഒരു കൈക്കൂലി കേസ് മാത്രമാണ് ഫയല്‍ ചെയ്‌തിരിക്കുന്നതെന്നും അവര്‍ അവകാശപ്പെട്ടു.
'സെക്യൂരിറ്റി തട്ടിപ്പാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ഇതിന് മിക്കവാറും പിഴയാകും ചുമത്തുക. അദാനിമാര്‍ തങ്ങള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ സമ്മതിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്?ഏത് ലോകത്താണ് നിങ്ങള്‍ ജീവിക്കുന്നത്' എന്നും അദാനി ആരോപണങ്ങള്‍ നിഷധിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അദാനിയെ അറസ്റ്റ് ചെയ്യണമെന്നതാണ് ആവശ്യം. മാന്യനായ ഒരു വ്യക്തി അമേരിക്കയില്‍ പതിനായിരക്കണക്കിന് കോടികളുടെ അഴിമതിക്കേസില്‍ പെട്ടിരിക്കുന്നു. അയാളെ ജയിലിലടയ്ക്കണം. സര്‍ക്കാര്‍ അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ആരോപിച്ചു. അമേരിക്ക അഴിമതിക്കുറ്റം ചുമത്തിയതിന് പിന്നാലെ അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ആദ്യ വ്യക്തിയാണ് രാഹുല്‍.
ഗൗതം അദാനിക്കോ അയാളുമായി ബന്ധപ്പെട്ടവര്‍ക്കോ എതിരെ ഏതെങ്കിലും പ്രത്യേക കുറ്റം ചുമത്തിയിട്ടില്ലെന്ന് നേരത്തെ അദാനിയുടെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞിരുന്നു. പൊതുവായി കൈക്കൂലി കുറ്റം മാത്രമാണ് ആരോപിച്ചിരിക്കുന്നത്. ആര് ആര്‍ക്ക് കൈക്കൂലി നല്‍കി എന്ന തരത്തിലുള്ള യാതൊരു വിവരങ്ങളുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
2020-2024 കാലയളവിൽ സൗരോർജ കരാറുകൾ നേടുന്നതിനായി ഇന്ത്യയിലെ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് 2,029 കോടി രൂപ കൈക്കൂലി നൽകി എന്നതാണ് കേസ്. എന്നാല്‍ കൈക്കൂലി നൽകിയ രീതിയെക്കുറിച്ച് പരാമർശിക്കുന്നില്ലെന്നും ആർക്കാണ് കൈക്കൂലി നൽകിയത്, ഏത് രീതിയിൽ, ഏത് വകുപ്പിൽ പെട്ടവര്‍ക്കാണ് തുടങ്ങിയ വിവരങ്ങള്‍ക്കൊന്നും വ്യക്തതയില്ല. ഇത്തരത്തിലുള്ള കുറ്റപത്രം വിശ്വസനീയമല്ലെന്നും മുകുൾ റോത്തഗി പ്രതികരിച്ചു.
'യുഎസ് കോടതിയുടെ കുറ്റപത്രം വായിച്ചിരുന്നു. ആകെ അഞ്ച് കുറ്റപത്രങ്ങളുണ്ട്. ഇതില്‍ കൗണ്ട് ഒന്നും കൗണ്ട് അഞ്ചും ഏറെ പ്രധാനമുള്ള ഏടുകളാണ്. എന്നാൽ ഈ ഏടുകളില്‍ അദാനിയേയോ അദ്ദേഹത്തിൻ്റെ അനന്തരവനെയോ കുറിച്ച് യാതൊന്നും പ്രതിപാദിച്ചിട്ടില്ല. മറ്റ് ചില വ്യക്തികൾക്കെതിരെയാണ് കുറ്റപത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ളതെന്നും' അദ്ദേഹം വ്യക്തമാക്കി.
യുഎസ് ഫോറിൻ കറപ്റ്റ് പ്രാക്‌ടീസ് ആക്‌ടില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയമുള്ളതായും അദാനി എന്ന പേര് എവിടെയും പരാമർശിച്ചിട്ടില്ലെന്നും കൈക്കൂലി നൽകിയിട്ടുണ്ടെങ്കില്‍ വ്യക്തികളുടെ പേര് കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും മുകുൾ റോത്തഗി മാധ്യമങ്ങളോട് പറഞ്ഞു. സൗരോർജ പദ്ധതിക്കായി അദാനി ഗ്രൂപ്പ് കോടിക്കണക്കിന് രൂപ സമാഹരിച്ച് ഈ വസ്‌തുത യുഎസ് ബാങ്കുകളിൽ നിന്നും നിക്ഷേപകരിൽ നിന്നും മറച്ചുവച്ചു എന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
Also Read: അദാനി കൈക്കൂലിക്കേസ് കെട്ടിച്ചമച്ചത്; യുഎസ് കുറ്റപത്രത്തിലെ ആരോപണങ്ങള്‍ തള്ളി സുപ്രീം കോടതി അഭിഭാഷകൻ