കൊൽക്കത്ത: രാജ്യത്തുടനീളം വർധിച്ചുവരുന്ന ബലാത്സംഗങ്ങളും കൊലപാതകങ്ങളും നേരിടാൻ കൂടുതൽ കർശനമായ നിയമങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു ദിവസം രാജ്യത്തുടനീളം ഏകദേശം 90 ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മമത ബാനർജി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
15 ദിവസത്തിനകം കുറ്റവാളികളെ ശിക്ഷിക്കാൻ കഴിയുന്ന നിയമമാണ് മമതാ ബാനർജി ആവശ്യപ്പെടുന്നതെന്ന് മമതയുടെ മുഖ്യ ഉപദേഷ്‌ടാവായ അലപൻ ബന്ദോപാധ്യായ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് ബലാത്സംഗവും കൊലപാതകവും ക്രമാനുഗതമായി വർധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. എല്ലാ കേസുകളും 15 ദിവസത്തിനകം വിചാരണ ചെയ്യണമെന്നും അതിവേഗ കോടതി വഴി ശിക്ഷ ഉറപ്പാക്കണമെന്നും മമത കത്തിൽ ചൂണ്ടിക്കാട്ടി.
ആർജി കാർ ആശുപത്രി ബലാത്സംഗക്കേസിൽ ഇപ്പോഴും പ്രതിഷേധം നടന്നകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമരം പിൻവലിക്കാൻ ജൂനിയർ ഡോക്‌ടർമാരോട് സുപ്രീം കോടതി വ്യാഴാഴ്‌ച (ഓഗസ്‌റ്റ് 22) അഭ്യർഥിച്ചെങ്കിലും നടന്നില്ല. ഈ സമയത്താണ് ബലാത്സംഗം, കൊലപാതകം എന്നിവയിൽ കർശനമായ നിയമങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് മമത പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ഇത്തരം സംഭവങ്ങൾ തടയാനായി കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോട് മമത അഭ്യർത്ഥിച്ചു. തിങ്കളാഴ്‌ച (ഓഗസ്‌റ്റ് 19) മൗലാലിയിൽ നിന്ന് ഡോറിന ക്രോസിംഗിലേക്ക് നടത്തിയ മാർച്ചിനിടെ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു.