കേരളം

kerala

ETV Bharat / bharat

ബലാത്സംഗ കേസില്‍ തൂക്കുകയർ; നിയമ ഭേദഗതിക്കൊരുങ്ങി പശ്ചിമബംഗാള്‍ - Mamata renews death penalty demand - MAMATA RENEWS DEATH PENALTY DEMAND

നിയമഭേദഗതിക്ക് വേണ്ടി അടുത്താഴ്‌ച പശ്ചിമബംഗാള്‍ നിയമസഭ പ്രത്യേകസമ്മേളനം നടത്തും. സഭ പാസാക്കുന്ന ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്തെ സ്‌ത്രീകള്‍ രാജ്‌ഭവന് മുന്നില്‍ പ്രക്ഷോഭം നടത്തണമെന്നും മമത.

MAMATA BANERJEE  PERPETRATORS OF RAPE  AMEND STATE LAWS NEXT WEEK  BJP
Mamata (ETV Bharat)

By ETV Bharat Kerala Team

Published : Aug 28, 2024, 3:43 PM IST

Updated : Aug 28, 2024, 4:51 PM IST

കൊല്‍ക്കത്ത: ബലാത്സംഗക്കേസിലെ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വീണ്ടും രംഗത്ത്. ഇത്തരം കേസുകളില്‍ വധശിക്ഷ ഉറപ്പാക്കാന്‍ തന്‍റെ സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും മമത അറിയിച്ചു.

അടുത്തയാഴ്‌ച തന്നെ ഇത് സംബന്ധിച്ച നിയമഭേദഗതി നിയമസഭയില്‍ കൊണ്ടുവരും. ഇതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കുമെന്നും മമത വ്യക്തമാക്കി. ഇത് സംബന്ധിച്ച ബില്‍ നിയമസഭ പാസാക്കിയ ശേഷം ഗവര്‍ണര്‍ക്ക് അയക്കും. ഗവര്‍ണറുടെ അനുമതി ലഭിക്കാത്ത പക്ഷം സംസ്ഥാനത്തെ മുഴുവന്‍ സ്‌ത്രീകളും രാജ്‌ഭവന് മുന്നില്‍ സത്യഗ്രഹം അനുഷ്‌ഠിക്കണമെന്നും മമത ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന് അധികാരം ഉണ്ടായിരുന്നെങ്കില്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്‌ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ കുറ്റവാളികള്‍ക്ക് ഒരാഴ്‌ചയ്ക്കകം തന്നെ വധശിക്ഷ നല്‍കുമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തൃണമൂല്‍കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി വിഭാഗത്തിന്‍റെ സ്ഥാപക ദിന റാലിയില്‍ സംസാരിക്കവെ ആണ് മമത ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

ബിജെപി തന്‍റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന ബന്ദിനെയും മമത വിമർശിച്ചു. ഇവര്‍ ആദ്യം പ്രധാനമന്ത്രിയുടെ വീട്ടുപടിക്കല്‍ ബന്ദും സത്യഗ്രഹവും നടത്തട്ടെയെന്ന് മമത പറഞ്ഞു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളില്‍ ബലാത്സംഗങ്ങളും സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ആവര്‍ത്തിച്ച് അരങ്ങേറിയിട്ടും ഒരൊറ്റ ബിജെപി പ്രവര്‍ത്തകന്‍ പോലും രാജി വച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇരയ്ക്ക് നീതി വേണമെന്നതാണ് തങ്ങളുടെ ആവശ്യം. എന്നാല്‍ ബിജെപി വിഷയത്തെ രാഷ്‌ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുകയാണ്. ഇവര്‍ മുഴുവന്‍ സംവിധാനത്തെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഇതാദ്യമായാണ് ഒരു കേന്ദ്രസര്‍ക്കാര്‍ ഒരു രാഷ്‌ട്രീയ കക്ഷിയുടെ അടിമയായി മാറിയിരിക്കുന്ന കാഴ്‌ച താന്‍ കാണുന്നത് എന്നും മമത പറഞ്ഞു. ബംഗാളിലെ സമാധാനം ഇല്ലാതാക്കാന്‍ വേണ്ടി ബിജെപിയും കേന്ദ്രസര്‍ക്കാരും തങ്ങളുടെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിക്കുകയാണ്.

ആര്‍ജികര്‍ മെഡിക്കല്‍ കോളജ് അടക്കമുള്ള ആശുപത്രികളില്‍ പ്രക്ഷോഭം നടത്തുന്ന ഡോക്‌ടര്‍മാരുടെ ആവശ്യങ്ങള്‍ താന്‍ പിന്തുണയ്ക്കുന്നുവെന്നും അടിയന്തര നടപടിയുണ്ടാകുമെന്നും മമത ഉറപ്പ് നല്‍കി. സമരം ചെയ്യുന്ന ഡോക്‌ടര്‍മാര്‍ അത് അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബലാത്സംഗക്കേസ് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷകള്‍ നല്‍കണമെന്ന ആവശ്യവുമായി അടുത്ത സമ്മേളനത്തില്‍ താന്‍ പാര്‍ലമെന്‍റില്‍ സ്വകാര്യ ബില്‍ കൊണ്ടുവരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പറഞ്ഞു. സ്‌ത്രീ സുരക്ഷയെക്കുറിച്ച് ബിജെപി തങ്ങളെ പഠിപ്പിക്കേണ്ട. നീതിയെക്കുറിച്ചും അവരുടെ പാഠങ്ങള്‍ ആവശ്യമില്ല. മണിപ്പൂരില്‍ നടന്ന അതിക്രമങ്ങളൊക്കെയും കൈയ്യും കെട്ടി നോക്കി നിന്നവരാണ് ഇവര്‍.

ഒരൊറ്റ രാത്രി കൊണ്ട് നോട്ട് നിരോധനം കൊണ്ടുവരാമെങ്കില്‍ അതേ വേഗത്തില്‍ എന്ത് കൊണ്ട് ഈ വനിതാ അതിക്രമങ്ങളില്‍ നടപടി കൈക്കൊള്ളാന്‍ അവര്‍ക്കായില്ലെന്നും അദ്ദേഹം ചോദിച്ചു. ഇതിനൊക്കെ ഇവര്‍ മറുപടി പറഞ്ഞേ തീരൂ. ബലാത്സംഗ പ്രതികള്‍ക്കതിരെ നടപടിയെടുക്കാന്‍ കര്‍ശന നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ലെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ജീവന്‍ നഷ്‌ടമായ സഹോദരിക്ക് വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് ഛത്ര പരിഷദ് സ്ഥാപകദിനം സമര്‍പ്പിക്കുന്നുവെന്ന് നേരത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി എക്‌സില്‍ കുറിച്ചിരുന്നു.

സാമൂഹ്യരംഗത്ത് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വലിയ പങ്കാണ് ഉള്ളത്. പുതിയൊരു ലോകത്തിന് സ്വപ്‌നങ്ങള്‍ നല്‍കേണ്ടത് വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ കടമയാണ്. ഇതിന് വേണ്ട പ്രോത്സാഹനം നല്‍കാന്‍ അവരോട് താന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രതിബദ്ധതയുള്ളവരായി തുടരുകയെന്നും അവര്‍ വിദ്യാര്‍ത്ഥി സമൂഹത്തോട് ആഹ്വാനം ചെയ്‌തു.

Also Read:ബിജെപിക്ക് വേണ്ടിയല്ല, ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്'; ഗവര്‍ണര്‍ സിവി ആനന്ദബോസ്

Last Updated : Aug 28, 2024, 4:51 PM IST

ABOUT THE AUTHOR

...view details