ന്യൂഡൽഹി:രാജ്യത്തെഒരു കോടി വീടുകളിൽ റൂഫ് ടോപ്പ് സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ള കേന്ദ്ര സർക്കാരിന്‍റെ 'പ്രധാൻ മന്ത്രി സൂര്യോദയ് യോജന' പദ്ധതി പ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കഴിഞ്ഞ 10 വർഷത്തെ ബിജെപി ഭരണത്തിൽ 10 ലക്ഷം വീടുകൾക്ക് പോലും മേൽക്കൂരയിൽ സോളാർ സ്ഥാപിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യമെന്ന് കോൺഗ്രസ് അധ്യക്ഷൻ അവകാശപ്പെട്ടു (Mallikarjun Kharge against govt's rooftop solar power scheme).
തിങ്കളാഴ്‌ചയാണ് 'പ്രധാൻ മന്ത്രി സൂര്യോദയ് യോജന' എന്ന സോളാർ പദ്ധതിയുടെ സമാരംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എക്‌സിലൂടെ ആയിരുന്നു പദ്ധതി പ്രഖ്യാപനം. നേരത്തെ വീടുകളിൽ റൂഫ് ടോപ്പ് സോളാർ കപ്പാസിറ്റി സ്ഥാപിക്കുമെന്ന് മോദി പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാലിത് തെറ്റായ വാഗ്‌ദാനമായിരുന്നു എന്നും മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.
'നേരത്തെ, 2022-ഓടെ 40 GW (ഗിഗാവാട്ട്) റൂഫ് ടോപ്പ് സോളാർ കപ്പാസിറ്റി സ്ഥാപിക്കുമെന്ന് മോദി സർക്കാർ തെറ്റായ വാഗ്‌ദാനം നൽകിയിരുന്നു. മോദി സർക്കാരിന്‍റെ മഹത്തായ പ്രഖ്യാപനങ്ങളുടെ നിലവിലെ സ്റ്റാറ്റസ് ഇനിപ്പറയുന്നവയാണ്:- 40 GW എന്ന ലക്ഷ്യത്തിന്‍റെ 70% പൂർത്തീകരിക്കപ്പെടാതെ കിടക്കുന്നു.
2.2 GW വീടുകളിൽ സ്ഥാപിച്ചിട്ടുണ്ട്. സ്ഥാപിത ശേഷിയുടെ 1/5 ഭാഗം മാത്രമാണ് വീടുകളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ഊർജം. അതിലെ വൻ പരാജയത്തിന് ശേഷം പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ ധനസഹായം ഒന്നും തന്നെ നൽകാതെ, 2026 ഓടെ പൂർത്തിയാക്കാനുള്ള ലക്ഷ്യം മോദി സർക്കാർ മാറ്റുകയാണ് ചെയ്‌തത്'- ഖാർഗെ പറഞ്ഞു.
ഇലക്ഷൻ സീസൺ എന്നാൽ ബിജെപിയുടെ കപട വാഗ്‌ദാന സീസൺ ആണെന്നും കോൺഗ്രസ് അധ്യക്ഷൻ പരിഹസിച്ചു. അതേസമയം റൂഫ് ടോപ്പ് സോളാർ പദ്ധതി പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബിൽ കുറയ്‌ക്കുക മാത്രമല്ല ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്‌തമാക്കുകയും ചെയ്യുന്നതാണെന്ന് മോദി പറഞ്ഞിരുന്നു. എന്നാൽ തെറ്റായ വാഗ്‌ദാനങ്ങളാണ് മോദി സർക്കാർ നൽകുന്നതെന്ന് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.