ന്യൂഡൽഹി :വിദേശ സ്വർണം കടത്തുന്ന പ്രധാന സംഘത്തെ പിടികൂടി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ). 40 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഡിആര്‍ഐ ഓപ്പറേഷന് 'റൈസിംഗ് സണ്ണി'ലൂടെ പിടികൂടിയത്. നാല് സംസ്ഥാനങ്ങളിലായി നടത്തിയ ഓപ്പറേഷനിൽ ഏകദേശം 61.08 കിലോഗ്രാം ഭാരമുള്ള കള്ളക്കടത്ത് സ്വർണം പിടിച്ചെടുത്തു.
ഗുവാഹത്തി, ബാർപേട്ട, ദർബംഗ, ഗോരഖ്പൂർ, അരാരിയ എന്നിവിടങ്ങളിൽ 19 വാഹനങ്ങളും പണവും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും റെയ്ഡില്‍ പിടികൂടിയിട്ടുണ്ട്. സംഘത്തിന്റെ രണ്ട് സൂത്ര ധാരന്മാരെയുള്പ്പെടെ ആറ് അംഗങ്ങളെ ഗുവാഹത്തിയിലെ ഒരു റെസിഡൻഷ്യൽ ഏരിയയില്‍ നിന്ന് ഗുവാഹത്തിയിലെ ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടി. ഇവരില്‍ നിന്ന് 22.74 കിലോഗ്രാം സ്വർണ്ണം, 13 ലക്ഷം രൂപ, വാഹനങ്ങൾ, മറ്റ് ഇലക്ട്രോണിക് വസ്തുക്കൾ എന്നിവ കണ്ടെടുത്തു. ഗുവാഹത്തിയിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെ അസമിലെ ബാർപേട്ടയിൽ വെച്ച് പിടികൂടിയ വാഹനത്തിൽ നിന്ന് 13.28 കിലോ കള്ളക്കടത്ത് സ്വർണത്തോടൊപ്പം രണ്ട് പേരെ പിടികൂടി.