ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം. വിവേക് വിഹാർ ഏരിയയിലെ ഐടിഐക്ക് സമീപമുള്ള ബേബി കെയർ സെൻ്ററിൽ ആണ് ശനിയാഴ്‌ച (മെയ് 25) രാത്രി തീപിടിത്തം ഉണ്ടായത്. തീപിടുത്തത്തിൽ 6 നവജാത ശിശുക്കൾ മരിച്ചു.
11 കുഞ്ഞുങ്ങളെ രക്ഷിച്ചതായി അധികൃതർ അറിയിച്ചു. ഇതിൽ അഞ്ച് കുഞ്ഞുങ്ങളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരും സഹായത്തിനെത്തിയിരുന്നു.
തീപിടിത്തത്തിൽ ആശുപത്രി പൂർണമായും കത്തിനശിച്ചു. അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആശുപത്രിയോട് ചേർന്നുള്ള കെട്ടിടത്തിലേക്കും തീ പടർന്നിരുന്നു. ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതെന്ന് ഡിഎഫ്എസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു.
ശനിയാഴ്‌ച രാത്രി 11.32നാണ് തങ്ങൾക്ക് തീപിടിത്തം സംബന്ധിച്ച് വിവരം ലഭിച്ചതെന്നും ഒമ്പത് ഫയർ ടെൻഡറുകൾ ഉടൻ സ്ഥലത്തെത്തിയെന്നും ഡൽഹി ഫയർ സർവീസസ് അറിയിച്ചു. അതേസമയം തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷമേ കാരണം എന്തെന്ന് വ്യക്തമാകൂവെന്ന് അഗ്നിശമനസേന വിഭാഗം പറയുന്നു.
എന്നാൽ, വലിയ സ്‌ഫോടന ശബ്‌ദത്തോടെയാണ് തീ പടർന്നതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സിലിണ്ടർ പൊട്ടിത്തെറിച്ചാകാം തീപിടിത്തമുണ്ടായതെന്നും സംശയമുണ്ട്. ആശുപത്രിക്ക് പുറത്ത് ആംബുലൻസുകളിൽ ഓക്‌സിജൻ നിറക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രദേശവാസി പറയുന്നു. ഓക്‌സിജൻ റീഫിൽ ചെയ്യുന്നതിനിടെയാകാം സിലിണ്ടർ പൊട്ടിത്തെറിച്ചത്.
മൂന്ന് സിലിണ്ടറുകൾ ഒന്നിന് പിറകെ ഒന്നായി പൊട്ടിത്തെറിച്ചെന്നും അതിനാലാണ് ആദ്യം ആശുപത്രിയിലും പിന്നീട് തൊട്ടടുത്ത കെട്ടിടത്തിലും തീപിടിത്തമുണ്ടായതെന്നും പ്രദേശവാസി കൂട്ടിച്ചേർത്തു. തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ പ്രാദേശിക എംഎൽഎയും ഡൽഹി നിയമസഭ സ്‌പീക്കറുമായ രാംനിവാസ് ഗോയൽ സ്ഥലത്തെത്തിയിരുന്നു. ഗുജറാത്തിലെ രാജ്‌കോട്ട് നഗരത്തിൽ ഗെയിം സോണിൽ തീ പടർന്ന്, കെട്ടിടം തകർന്ന് 27 പേർ കൊല്ലപ്പെട്ട ദിവസമാണ് ഡൽഹിയിലും ദാരുണമായ സംഭവം നടന്നത്.
ALSO READ:രാജ്‌കോട്ടിലെ ഗെയിമിങ് സോണിൽ വന്‍ തീപിടിത്തം; കുട്ടികളടക്കം 25 പേര്‍ വെന്തുമരിച്ചു, കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്‍