മുംബൈ :മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാന്‍ മഹാവികാസ് അഘാഡി സഖ്യം. സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. സംസ്ഥാനത്തെ ജനങ്ങളുടെ അനുഗ്രഹം തങ്ങള്‍ക്ക് ഉണ്ടായെന്നും അതിനാലാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായതെന്നും നേതാക്കള്‍ പറഞ്ഞു.
ഇക്കുറി നിയമസഭ തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്ന ആത്മവിശ്വാസം അവര്‍ പങ്കുവച്ചു. മുംബൈയില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ശിവസേന ഉദ്ധവ് ബാലാസാഹെബ് താക്കറെ പക്ഷ നേതാവ് ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ ഉദ്ധവ് താക്കറെ രാജ്യത്തെ ജനങ്ങള്‍ക്ക് ബോധോദയം ഉണ്ടായെന്നും കൂട്ടിച്ചേര്‍ത്തു. നുണകളും സത്യങ്ങളും ജനങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. വലിയ വിശ്വാസത്തോടെയാണ് ജനങ്ങള്‍ മഹാവികാസ് അഘാഡിക്ക് വോട്ട് ചെയ്‌തത്. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ വേണ്ടിയുള്ള വോട്ടാണിത്. ജനങ്ങളെ തങ്ങള്‍ മാനിക്കുന്നുവെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
എങ്കിലും ഈ പോരാട്ടം അന്തിമമല്ല. നിയമസഭയാണ് ഇനി നമ്മുടെ ലക്ഷ്യം. ഈ മൂന്ന് കക്ഷികള്‍ക്കൊപ്പം മറ്റുള്ളവരെയും ചേര്‍ത്ത് നാം ഈ തെരഞ്ഞെടുപ്പിനെയും നേരിടും. മറാത്ത ജനത നമുക്ക് വോട്ട് ചെയ്‌തു. എല്ലാ മതവിഭാഗങ്ങളിലും പെട്ടവരുടെ വോട്ടും നമുക്ക് കിട്ടി. അതുകൊണ്ട് എല്ലാവരോടും നന്ദി പറയുന്നു.
ബിജെപി പല വിശദീകരണങ്ങളും ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ നടത്തി. അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിലൊന്നും ജനങ്ങള്‍ വീണില്ല. പാര്‍ട്ടി വിട്ടുപോയ വഞ്ചകരെയൊന്നും ശിവസേന ഇനി സ്വീകരിക്കില്ല. അമോല്‍ കീര്‍ത്തികാരിന്‍റെ മണ്ഡലത്തില്‍ നടന്ന ചില തട്ടിപ്പുകളെ കുറിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
ഇതേ അഭിപ്രായങ്ങള്‍ തന്നെയാണ് ശരദ് പവാറും പങ്കുവച്ചത്. അജിത് പവാര്‍ ഇനി ഒരിക്കലും പാര്‍ട്ടിയിലേക്ക് മടങ്ങി വരില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘപരിവാറിന്‍റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ അദ്ദേഹം എഴുതിയതിനെക്കുറിച്ചൊന്നും പറയാനില്ല. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും പങ്കുവച്ചു. അതേസമയം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാന പട്ടോലെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തില്ല.
Also Read:ഷിൻഡെയെ മുന്നില്‍ നിർത്തി ഉദ്ധവിനെ പൂട്ടിയ ഫഡ്‌നാവിസിന്‍റെ 'ദേവേന്ദ്രതന്ത്രം'