പൂനെ : മഹാരാഷ്ട്രയിലെ വിശ്രാന്ത്‌വാടിയിൽ മയക്കുമരുന്ന് റാക്കറ്റ് പിടിയില്‍. 100 കോടി രൂപയുടെ നിരോധിത മയക്കുമരുന്നുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പൂനെ പൊലീസിന്‍റെ ക്രൈംബ്രാഞ്ചാണ് ഓപ്പറേഷൻ ആരംഭിച്ചത്. അന്വേഷണത്തില്‍ കോടികളുടെ മയക്കുമരുന്നുമായി മൂന്നംഗ സംഘം പിടിയിലാവുകയായിരുന്നു.
സോംവാർ പേട്ടിൽവച്ച് വാഹനം പരിശോധിച്ചപ്പോഴാണ് അകത്ത് ഒളിപ്പിച്ച നിലയിൽ എംഡി മയക്കുമരുന്ന് കണ്ടെത്തിയത്. സംശയം തോന്നാതിരിക്കാൻ ഉപ്പ് പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത ലഹരിവസ്‌തുക്കൾ. രാജ്യാന്തര വിപണിയിൽ 100 കോടി രൂപ വിലയുള്ള മയക്കുമരുന്ന് നൈജീരിയൻ പൗരനാണ് മൂവർക്കും കൈമാറിയതെന്നും മുംബൈയിൽ എത്തിക്കാനിരുന്നതാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.