കേരളം

kerala

ETV Bharat / bharat

മറാത്താ പോരിലെ സൗഹൃദ മത്സരങ്ങള്‍; സുഹൃത്തുക്കള്‍ പോരടിക്കുന്നത് 29 സീറ്റുകളില്‍ - FRIENDLY CONTEST IN MAHARASHTRA

മഹാരാഷ്ട്രാ തെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് സ്വന്തം പാളയത്തില്‍ നിന്നുതന്നെ വെല്ലുവിളി ഉയരുന്ന 29 മണ്ഡലങ്ങളുണ്ട്. മുന്നണി ഘടകകക്ഷികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മണ്ഡലങ്ങള്‍ കൂടുതല്‍ തലവേദന സൃഷ്‌ടിക്കുന്നത് മഹാ വികാസ് അഘാഡിയ്ക്ക്.

MAHARASHTRA POLL 2024  MAHAYUTI ALLIANCE  MAHAVIKAS AGHADI ALLIANCE  MAHARASHTRA ELECTION CANDIDATES
Friendly Face Offs Among Allies In 29 Seats, Maharashtra Election (ETV Bharat)

By PTI

Published : Nov 9, 2024, 7:59 PM IST

മുംബൈ: മഹാരാഷ്ട്ര നിയമസഭയിലെ 288 സീറ്റുകളിലേക്ക് നവംബര്‍ 20 ന് വോട്ടെടുപ്പ് നടക്കുകയാണ്. ഭരണമുന്നണിയായ മഹായുതി സഖ്യവും പ്രതിപക്ഷത്തുള്ള മഹാ വികാസ് അഘാഡിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാല്‍ ഇതിനിടയില്‍ 29 മണ്ഡലങ്ങളിലെ പോരാട്ടം സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ഈ 29 മണ്ഡലങ്ങളിലും ഒരേ മുന്നണിയിലെ ഘടകകക്ഷികള്‍ പോരടിക്കുകയാണ്.

സൗഹൃദ പോര് നടക്കുന്നത് കൂടുതലും മഹാ വികാസ് അഘാഡി കക്ഷികള്‍ തമ്മിലാണെങ്കിലും ഭരണ മുന്നണിക്കും സൗഹൃദ പോര് പാരയായുണ്ട്. ഭരണ മുന്നണിയിലെ ബിജെപി, ശിവസേന ഏകനാഥ് ഷിന്‍ഡേ, എന്‍സിപി അജിത് പവാര്‍ കക്ഷികള്‍ തമ്മില്‍ നേര്‍ക്കു നേര്‍ മത്സരം നടക്കുന്ന ആറ് സീറ്റുകളുണ്ട്. മുംബൈയില്‍ മന്‍ഖുര്‍ദ് ശിവാജി നഗര്‍, ബീയിലെ അഷ്‌ടി, ബുല്‍ധാനയിലെ സിന്ദ്ഖേദ് രാജ, നാഗ്‌പൂരിലെ കടോല്‍ ,അമരാവതിയിലെ മോര്‍ഷി, നാസിക്കിലെ ധിന്‍ഡോരി, അഹമ്മദ്‌നഗറിലെ ശ്രീരാംപൂര്‍, പൂനെയിലെ പുരന്തര്‍ എന്നിവിടങ്ങളിലാണ് മഹായുതി ഘടകകക്ഷികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്.

ഇതില്‍ മോര്‍ഷി, കട്ടോള്‍, അഷ്‌ടി എന്നീ സീറ്റുകളില്‍ ബിജെപിയും അജിത് പവാര്‍ എന്‍സിപിയും തമ്മിലാണ് സൗഹൃദ മല്‍സരം. മറ്റിടങ്ങളില്‍ ശിവസേന ഷിന്‍ഡേ - അജിത് പവാര്‍ എന്‍സിപി സ്ഥാനാര്‍ഥികള്‍ പരസ്‌പരം ഏറ്റുമുട്ടുന്നു. 21 മണ്ഡലങ്ങളില്‍ മഹാ വികാസ് സഖ്യത്തിലെ ഘടകകക്ഷികളായ കോണ്‍ഗ്രസ്, ശിവസേന ഉദ്ധവ് താക്കറേ വിഭാഗം, എന്‍സിപി ശരത് പവാര്‍ വിഭാഗം എന്നിവര്‍ പരസ്‌പരം മത്സരിക്കുന്നു.

ഇതില്‍ ഏറ്റവും കടുത്ത പോരാട്ടം നടക്കുന്നത് നന്ദേദ് നോര്‍ത്ത് ണണ്ഡലത്തിലാണ്. ശിവസേനാ ഉദ്ധവ് താക്കറേ വിഭാഗത്തിലെ സംഗീതാ പാട്ടീലിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അബ്‌ദുള്‍ ഗഫൂറും മത്സരരംഗത്തുണ്ട്. ഇന്ത്യാ സഖ്യത്തിലെ ചെറു പാര്‍ട്ടികളും മിക്ക സീറ്റിലും മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് എതിരെ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിട്ടുണ്ട്.

പെസന്‍റ്സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി ഇത്തരത്തില്‍ മിക്ക മണ്ഡലങ്ങളിലും മഹാവികാസ് അഘാഡി സ്ഥാനാര്‍ഥികള്‍ക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കുന്നുണ്ട്. ഇവര്‍ക്കു പുറമേ സമാജ് വാദി പാര്‍ട്ടി, ഇടതു മുന്നണി സ്ഥാനാര്‍ഥികളും മഹാ വികാസ് അഘാഡിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എട്ടിടത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്തിയ സമാജ് വാദി പാര്‍ട്ടി ആറിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് എതിരെയാണ് മത്സരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

താനെയിലെ ഭീവണ്ഡി വെസ്‌റ്റ്, ധാരാശിവിലെ തുല്‍ജാപൂര്‍, ഛത്രപതി സംഭാജി നഗറിലെ ഔറംഗബാദ് ഈസ്‌റ്റ്, നാസിക്കിലെ മാലെഗാവ് സെന്‍ട്രല്‍, എന്നിവിടങ്ങളിലാണ് എസ്‌പി കോണ്‍ഗ്രസ് നേര്‍ക്കു നേര്‍ പോരാട്ടം. ധാരാശിവയിലെ പരാന്തയില്‍ എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിനെതിരേയും ധൂലെ സിറ്റിയില്‍ ശിവസേന ഉദ്ധവ് താക്കറേ വിഭാഗത്തിനെതിരേയും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു.

പെസന്‍റ്സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി 14 മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. ശിവസേന ഉദ്ധവ് താക്കറേ വിഭാഗത്തിനെതിരേ സംഗോലെ, ലോഹാ, പെന്‍,ഉറാന്‍, ഔസാ, മാലേഗാവ് ഔട്ടര്‍, പന്‍വേല്‍ എന്നിവിടങ്ങളിലും ശരദ് പവാര്‍ വിഭാഗം എന്‍സിപിയുമായി കട്ടേളിലും ഇവര്‍ മത്സരിക്കുന്നു.

മുന്നണിക്കകത്ത് ആറു സീറ്റുകളായിരുന്നു പെസന്‍റ്സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി ആവശ്യപ്പെട്ടത്. ഈ ആറു മണ്ഡലങ്ങളിലും പാര്‍ട്ടി നല്ല മത്സരം കാഴ്‌ചവെക്കുമെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു."ഈ മണ്ഡലങ്ങളിലെ ഞങ്ങളുടെ സ്വാധീനം മനസിലാക്കാതെയാണ് വലിയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സ്വാധീന മേഖലകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ മാത്രമേ പാര്‍ട്ടിയെന്ന നിലയില്‍ നിലനില്‍ക്കാനാവശ്യമായ നിശ്ചിത ശതമാനം വോട്ടുകള്‍ ഞങ്ങള്‍ക്ക് സ്വന്തമാക്കാനാവൂ."

മുന്നണി വോട്ടുകള്‍ ചിതറി പോവാന്‍ ഈ മത്സരം വഴിവെക്കുമെന്ന ആശങ്കയൊക്കെ പെസന്‍റ്സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്കുമുണ്ട്. "എന്തു ചെയ്യാം, മറ്റു വഴിയൊന്നുമില്ല. ഞങ്ങള്‍ മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വലിയ കക്ഷികള്‍ ഞങ്ങള്‍ക്ക് സീറ്റ് തന്നില്ല. സീറ്റ് വിഭജനത്തിന്‍റെ ഘട്ടത്തില്‍ അവര്‍ കടുംപിടുത്തത്തിലായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല." പെസന്‍റ്സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി വക്താവ് പറഞ്ഞു.

മഹാ വികാസ് അഘാഡി മഹാരാഷ്ട്ര ഐക്യ മുന്നണിയായി മത്സരിക്കണമെന്ന് തെരഞ്ഞെടുപ്പിനും വളരെ മുമ്പ് അഭിപ്രായപ്പെട്ട സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്‌മിയേയും പാര്‍ട്ടിയേയും സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കു പോലും വിളിച്ചില്ലെന്ന പരാതിയാണ് അദ്ദേഹത്തിന്. തങ്ങളുടെ കരുത്തില്‍ മഹാരാഷ്ട്രയില്‍ വിജയിക്കാമെന്നാണ് മഹാ വികാസ് അഘാഡി കരുതുന്നത്. അതു കൊണ്ടു തന്നെ സമാജ് വാദി പാര്‍ട്ടിയുടെ സഹായം ആവശ്യമില്ലെന്ന നിലപാടിലാണ് അവര്‍." എന്നും പെസന്‍റ്സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി വക്താവ് കൂട്ടിച്ചേർത്തു.

സോളാപൂര്‍ സിറ്റി സെന്‍ട്രലില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലാണ് മല്‍സരം. വാനി മണ്ഡലത്തില്‍ സിപിഐ- ശിവസേന ഉദ്ധവ് താക്കറേ സ്ഥാനാര്‍ഥികള്‍ പരസ്‌പരം ഏറ്റുമുട്ടുന്നു.

Also Read:മഹാരാഷ്‌ട്രയിൽ കളം നിറഞ്ഞ് വിമതർ; കൊടിയേറുന്നത് വാശിയേറിയ മത്സരത്തിന്

ABOUT THE AUTHOR

...view details