മഹാരാഷ്‌ട്ര : തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മഹായുതി സഖ്യത്തിലുണ്ടായ അധികാര വടംവലിക്കും തര്‍ക്കങ്ങള്‍ക്കുമിടെ ശിവസേന അധ്യക്ഷന്‍ ഏക്‌നാഥ് ഷിൻഡെ അധികാരത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആലോചിക്കുന്നതായി സൂചന. സഖ്യത്തില്‍ അജിത് പവാറിന്‍റെ പങ്ക് കാരണം ഷിൻഡെയുടെ വിലപേശാനുള്ള ശക്തി ക്ഷയിച്ചതായും അധികാരത്തിൽ നിന്ന് മാറിനിൽക്കാനുള്ള മാനസികാവസ്ഥയിലാണ് ഷിൻഡെയെന്നും ശിവസേന നേതാവ് ഭാരത് ഗോഗവാലെ പറഞ്ഞു. തങ്ങളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഷിന്‍ഡെ സർക്കാരിൽ ചേരുന്നതെന്നും ഗോഗവാലെ പറയുന്നു.
പത്താം ദിനവുമായില്ല തീരുമാനം...
മഹാരാഷ്‌ട്രയുടെ പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 10 ദിവസം പിന്നിടുമ്പോഴും മഹായുതി സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി സ്ഥാനവും മറ്റ് അധികാര സ്ഥാനങ്ങളെയും ചൊല്ലിയുള്ള തര്‍ക്കം ബിജെപി ശിവസേന എന്‍സിപി സഖ്യത്തില്‍ തുടരുകയാണ്. ഗവർണറെ പോലും അറിയിക്കാതെ, പുതിയ സർക്കാര്‍ ഡിസംബർ 5ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പ്രഖ്യാപിച്ചത്.
എന്നാല്‍ പല കാര്യങ്ങളിലും ഇപ്പോഴും വ്യക്തതക്കുറവുണ്ട്. അതേസമയം, ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഏക്‌നാഥ് ഷിൻഡെ ഇന്നത്തെ യോഗങ്ങളെല്ലാം റദ്ദാക്കിയിരുന്നു. അജിത് പവാർ ബിജെപിക്ക് പൂർണ പിന്തുണ നൽകിയതിനാല്‍ ബിജെപിയുമായി ഏക്‌നാഥ് ഷിൻഡെയ്ക്ക് വിലപേശാനുള്ള ശക്തി കുറഞ്ഞതായാണ് വിലയിരുത്തല്‍.
ഷിന്‍ഡെയില്ലെങ്കിലും സര്‍ക്കാര്‍, പക്ഷേ...
പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മഹായുതിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ബിജെപിക്ക് 132 എംഎൽഎമാരാണ് സംസ്ഥാനത്തുള്ളത്. 8 എംഎൽഎമാർ കൂടി പിന്തുണ അറിയിച്ചതോടെ ഇത് 140 ആയി. മറുവശത്ത്, 57 എംഎല്‍എമാരുള്ള ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയ്ക്ക് 4 എംഎൽഎമാരുടെ പിന്തുണ കൂടി ലഭിച്ചു. ഇതോടെ ഷിന്‍ഡെ പക്ഷത്തുള്ള എംഎല്‍എമാരുടെ എണ്ണം 61 ആയി.
അതേസമയം, ശിവസേന ഉദ്ധവ് താക്കറെ ഗ്രൂപ്പിലെ 10 മുതൽ 12 എംഎൽഎമാർ ഏക്‌നാഥ് ഷിന്‍ഡെയെ ബന്ധപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. അജിത് പവാറിന്‍റെ 41 എംഎൽഎമാരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അജിത് പവാർ ഇതിനകം തന്നെ ബിജെപിക്ക് പിന്തുണ നൽകിയിട്ടുണ്ട്.
അതായത്, ബിജെപിക്ക് ഇപ്പോള്‍ 181 എംഎൽഎമാരുടെ അംഗ ബലമുണ്ട്. അതിനാൽ, ഏക്‌നാഥ് ഷിൻഡെ കടുംപിടുത്തം തുടര്‍ന്നാല്‍ ബിജെപിക്കും അജിത് പവാറിനും ഒരുമിച്ചു ചേർന്ന് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാം. ഇത്തരമൊരു സാഹചര്യത്തിൽ അവർക്ക് ഏക്‌നാഥ് ഷിൻഡെയെ ആവശ്യമായി വന്നേക്കില്ല.
എന്നാൽ 2022 ൽ ബിജെപിക്ക് അധികാരത്തിലെത്താൻ കഴിഞ്ഞത് ഏക്‌നാഥ് ഷിൻഡെ ശിവസേനയെ പിളര്‍ത്തി ബിജെപിയിലെത്തിച്ചത് കൊണ്ടാണ്. ഇതോടെ ഉദ്ധവ് താക്കറെയുടെ ശിവസേനയെ അവസാനിപ്പിക്കാനും കഴിഞ്ഞു. ഏക്‌നാഥ് ഷിൻഡെയുടെ രഷ്‌ട്രീയ സ്വാധീനത്തില്‍ പൂർണ ബോധ്യമുള്ള ബിജെപി ഷിൻഡെയെ എളുപ്പത്തിൽ തള്ളിക്കളയില്ലെന്നും വിലയിരുത്തപ്പെടുന്നു.
2014 ആവര്‍ത്തിക്കുമോയെന്ന് ആശങ്ക
2014 മുതല്‍ 2019 വരെ, 5 വർഷം ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാരാണ് സംസ്ഥാനം ഭരിച്ചത്. ഇക്കാലത്ത് ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് അത്ര പ്രാധാന്യമില്ലാത്ത വകുപ്പുകളാണ് നൽകിയിരുന്നത്. ശിവസേന മന്ത്രിമാർ അക്കാലത്ത് രാജിക്കത്തും പോക്കറ്റില്‍ വച്ചാണ് കറങ്ങിനടന്നിരുന്നത് എന്ന് പറയാറുണ്ട്. ഉദ്ധവ് താക്കറെയുടെ മന്ത്രിമാർ തുടർച്ചയായി അപമാനിക്കപ്പെട്ടു. അവർക്ക് യാതൊരു പരിഗണനയും ലഭിച്ചില്ല. ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ നേതൃത്വത്തിൽ ഈ വർഷം വീണ്ടും സർക്കാർ രൂപീകരിക്കുകയും ആഭ്യന്തര മന്ത്രി സ്ഥാനം ലഭിക്കാതിരിക്കുകയും ചെയ്‌താൽ ആ ദുരവസ്ഥ തനിക്കും സംഭവിക്കുമെന്ന ഭയവും ഏക്‌നാഥ് ഷിൻഡെയ്ക്കുണ്ട്.
ഇതേക്കുറിച്ച് സംസാരിച്ച രാഷ്‌ട്രീയ നിരീക്ഷകൻ ജയന്ത് മൈങ്കർ പറയുന്നതിങ്ങനെ.. ഏക്‌നാഥ് ഷിൻഡെയ്ക്ക് രാഷ്‌ട്രീയത്തിൽ ധാരാളം അനുഭവപരിചയമുണ്ട്. വിശേഷിച്ചും അദ്ദേഹം മന്ത്രിയായിരിക്കുന്ന കാലത്ത്. ശിവസേനയിൽ ഭിന്നതയുണ്ടാക്കി 40 എംഎൽഎമാരെ ഒപ്പം കൂട്ടി ഉദ്ധവ് താക്കറെയ്‌ക്കെതിരെ തിരിയുക എന്നത് എളുപ്പമായ കാര്യമല്ല. അതുമാത്രമല്ല, യഥാർഥ ശിവസേന ആര് എന്ന് തെളിയിക്കുന്ന പോരാട്ടത്തില്‍ ഏക്‌നാഥ് ഷിൻഡെ 57 എംഎൽഎമാരെ വിജയിപ്പിച്ചു. ഈ യത്നത്തിലെല്ലാം മഹാരാഷ്‌ട്ര മുതൽ ഡൽഹി വരെയുള്ള രാഷ്‌ട്രീയത്തിന്‍റെ മുഴുവൻ അറിവും അദ്ദേഹത്തെ തുണച്ചിട്ടുണ്ട്.
മുതിർന്ന ബിജെപി നേതാക്കൾക്ക് പോലും ഏക്‌നാഥ് ഷിൻഡെയെ നിസാരനായി കാണാനാകില്ല. യഥാർഥ ശിവസേനയായ ബാലാസാഹേബ് താക്കറെയുടെ ശക്തി ഇപ്പോൾ ഷിന്‍ഡെയ്‌ക്കൊപ്പമാണ് എന്നതാണ് ഇതിന് കാരണം. എന്നാൽ ആവശ്യത്തിലധികം പ്രാധാന്യവും അവർ ഷിന്‍ഡെയ്ക്ക് നൽകില്ല.
ആഭ്യന്തര മന്ത്രിയും നിയമസഭ സ്‌പീക്കറും...
ആഭ്യന്തര മന്ത്രി, നഗര വികസനം, കൃഷി, ഗതാഗതം, ലെജിസ്ലേറ്റീവ് കൗൺസിൽ സ്‌പീക്കർ തുടങ്ങിയ സുപ്രധാന പദവികളാണ് ഏക്‌നാഥ് ഷിൻഡെയുടെ ആവശ്യം. ഇതാണ് ബിജെപിക്ക് തലവേദനയുണ്ടാക്കുന്നതും. സർക്കാർ രൂപീകരണത്തില്‍ ബിജെപിക്ക് ഇപ്പോൾ ഏക്‌നാഥ് ഷിൻഡെയെ ആവശ്യമില്ല എന്നിരിക്കിലും ഏക്‌നാഥ് ഷിൻഡെയെ അവഗണിക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ബിജെപിയെക്കാൾ നന്നായി ഏക്‌നാഥ് ഷിൻഡെയ്ക്ക് അറിയാം.
കളത്തിന് പുറത്താണെങ്കിലും...
ആഭ്യന്തര വകുപ്പ് നൽകിയില്ലെങ്കിൽ ഉപമുഖ്യമന്ത്രി സ്ഥാനവും സ്വീകരിക്കില്ലെന്ന നിലപാടിലാണ് ഏക്‌നാഥ് ഷിന്‍ഡെ എന്നാണ് സൂചന. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മകൻ എംപി ശ്രീകാന്ത് ഷിൻഡെയെ അദ്ദേഹം നോമിനേറ്റ് ചെയ്യുമെന്നും ചർച്ചകളുണ്ടായിരുന്നു. എന്നാൽ റിപ്പോര്‍ട്ട് ശ്രീകാന്ത് ഷിൻഡെ തന്നെ തള്ളിക്കളഞ്ഞു.
അധികാരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ഏക്‌നാഥ് ഷിന്‍ഡെ തീരുമാനിച്ചാലും ബിജെപിക്ക് തലവേദനയാകും. അധികാരത്തിലിരിക്കുന്നതിന് പകരം അധികാരം നിയന്ത്രിക്കാനാണ് ഷിന്‍ഡെ ഒരുങ്ങുന്നതെങ്കില്‍ ശിവസേന ഇനിയും ശക്തിയാര്‍ജിക്കും എന്നാണ് വിലയിരുത്തല്‍. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും മറ്റും പാർട്ടിക്ക് വലിയ ഉണർവ് നൽകാന്‍ ഷിന്‍ഡെ പ്രവര്‍ത്തിക്കും, ഇതിലൂടെ സഖ്യത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ അപ്രമാദിത്വം തിരിച്ചുപിടിക്കാനും കഴിഞ്ഞേക്കാം.
Also Read:മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫട്‌നാവിസ്; പാർട്ടി യോഗത്തിൽ അന്തിമ തീരുമാനമായെന്ന് മുതിർന്ന ബിജെപി നേതാവ്