മുംബൈ: ലോക്‌സഭ സ്‌പീക്കറുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പ്രശസ്‌ത യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ നടപടി. സാമൂഹികമാധ്യമമായ എക്‌സിൽ ധ്രുവ് റാഠിയുടെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്ന് പ്രചരിച്ച പോസ്റ്റിലാണ് പൊലീസ് കേസെടുത്തത്. ലോക്‌സഭ സ്‌പീക്കറായ ഓം ബിര്‍ളയുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മഹാരാഷ്‌ട്രയിലെ സൈബർ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി ബിര്‍ള പരീക്ഷപോലും എഴുതാതെ യുപിഎസ്‌സി പരീക്ഷയില്‍ വിജയിച്ചെന്നായിരുന്നു സാമൂഹികമാധ്യമമായ എക്‌സിൽ പ്രചരിച്ചിരുന്ന പോസ്റ്റ്. ധ്രുവ് റാഠിയുടെ പേരിൽ വ്യാജ അക്കൗണ്ടിലൂടെ പ്രചരിക്കുന്ന പോസ്റ്റില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണെന്നും ഇത് അപകീര്‍ത്തിക്കിടയാക്കുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു.