കേരളം

kerala

By ETV Bharat Kerala Team

Published : May 28, 2024, 6:35 PM IST

ETV Bharat / bharat

'രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് ആരും കരുതുന്നില്ല; ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണര്‍ത്തി ചോദിച്ചാല്‍ പോലും പറയുക മോദിയുടെ പേര്': ഏകനാഥ് ഷിന്‍ഡെ ഇടിവി ഭാരതിനോട് - Eknath Shinde Exclusive interview

മഹാരാഷ്‌ട്രയില്‍ മഹായുതിക്ക് നാല്‍പ്പതിലേറെ സീറ്റുകള്‍ ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേടാനാകുമെന്ന ആത്മവിശ്വാസം പങ്കുവച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. ഇടിവി ഭാരത് മഹാരാഷ്‌ട്ര എഡിറ്റര്‍ സച്ചിന്‍ പരബുമായി നിരവധി വിഷയങ്ങള്‍ ഏകനാഥ് ഷിന്‍ഡെ സംസാരിച്ചു.

MAHARASHTRA CHIEF MINISTER  MAHAYUTI  ഏകനാഥ് ഷിന്‍ഡെ  മഹായുതി സഖ്യം
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ (ETV Bharat)

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുമായുള്ള പ്രത്യേക അഭിമുഖം (ETV Bharat)

ഹൈദരാബാദ്/മുംബൈ: മഹാരാഷ്‌ട്രയില്‍ മഹായുതി സഖ്യം നാല്‍പ്പതിലേറെ സീറ്റുകള്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വന്തമാക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. രണ്ട് വര്‍ഷമായി തന്‍റെ സര്‍ക്കാര്‍ ചെയ്‌ത പ്രവര്‍ത്തനങ്ങളും നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്‍റെ ഈ അവകാശവാദങ്ങള്‍.

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും അധികം ലോക്‌സഭ സീറ്റുകളുള്ള സംസ്ഥാനം മഹാരാഷ്‌ട്രയാണ്. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ബിജെപി, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി) തുടങ്ങിയ കക്ഷികള്‍ ഉള്‍പ്പെടുന്നതാണ് മഹായുതി സഖ്യം. രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയുടെ പിന്തുണയും സഖ്യത്തിനുണ്ട്.

'ഞങ്ങള്‍ മഹാരാഷ്‌ട്രയില്‍ നാല്‍പ്പതിലേറെ സീറ്റുകള്‍ നേടും'

സംസ്ഥാനത്ത് വോട്ടെടുപ്പിന്‍റെ അഞ്ച് ഘട്ടങ്ങളും പൂര്‍ത്തിയായതോടെ തന്‍റെ സര്‍ക്കാര്‍ നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ക്ക് തികഞ്ഞ ആത്മവിശ്വാസം നല്‍കുന്നുവെന്ന് താനെയില്‍ നിന്നുള്ള മുഖ്യമന്ത്രി ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. നിര്‍ത്തി വച്ചിരുന്ന പദ്ധതികളായ മെട്രോ ജോലികള്‍ തന്‍റെ സര്‍ക്കാര്‍ പുനരാരംഭിച്ചു. ഇതിന് പുറമെ ബാലാ സഹേബ് സമൃദ്ധി മഹാമാര്‍ഗ്(മെട്രോ), കാര്‍ഷെഡ്, അടല്‍ സേതു, മുംബൈ തീരദേശ റോഡ് എന്നിവയും പുനരാരംഭിച്ചിട്ടുണ്ട്.

കര്‍ഷകര്‍ക്കും വനിതകള്‍ക്കും യുവാക്കള്‍ക്കും വേണ്ടി തന്‍റെ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍, വ്യവസായങ്ങളെ വളര്‍ത്താന്‍ മോദി സര്‍ക്കാര്‍ കഴിഞ്ഞ പത്ത് കൊല്ലമായി ചെയ്യുന്ന പ്രവൃത്തികള്‍, എന്നിവയൊന്നും അറുപത് കൊല്ലമായി കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിയാതിരുന്നതാണ്. അടുത്ത നൂറ് വര്‍ഷവും ഇവര്‍ക്ക് ഇത് ചെയ്യാനാകില്ല. വികസന അജണ്ടയുമായാണ് തങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് ചെന്നത്. ജനങ്ങളും വികസനത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. അത് കൊണ്ട് തന്നെ മഹാരാഷ്‌ട്രയില്‍ മഹായുതിക്ക് നാല്‍പ്പതിലേറെ സീറ്റുകള്‍ ലഭിക്കും.

'മഹാവികാസ് അഘാടി സഖ്യ സര്‍ക്കാരിന്‍റെ ഭരണകാലത്ത് വികസനം മുരടിച്ചു'

തന്‍റെ സര്‍ക്കാര്‍ അധികാരത്തില്‍ വരും മുമ്പ് മഹാവികാസ് അഘാടി സഖ്യം (എംവിഎ) ആണ് അധികാരത്തിലിരുന്നതെന്ന് ആനന്ദ് ഡിഘേയുടെ ശിഷ്യന്‍ കൂടിയായ മുഖ്യമന്ത്രി ഷിന്‍ഡെ ചൂണ്ടിക്കാട്ടി. അന്ന് വിദേശ നിക്ഷേപത്തില്‍ സംസ്ഥാനം നാലാം സ്ഥാനത്ത് ആയിരുന്നു. മൊത്ത ആഭ്യന്തര ഉത്പാദനത്തിലും സംസ്ഥാനം ഏറെ പിന്നിലായിരുന്നു. എന്നാല്‍ തന്‍റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.

വിദേശ നിക്ഷേപത്തില്‍ സംസ്ഥാനം ഒന്നാമതെത്തി. മൊത്ത ആഭ്യന്തര ഉത്പാദനത്തിലും വലിയ സംഭാവനകള്‍ നല്‍കാനായി. ആറ് ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപം സംസ്ഥാനത്തേക്ക് എത്തി. നേരത്തെ സംസ്ഥാനത്ത് നിന്ന് ഓടിപ്പോയിക്കൊണ്ടിരുന്നവര്‍ തിരികെ എത്താന്‍ തുടങ്ങി. നേരത്തെ വ്യവസായികളുടെ വീടിന് സമീപം ആളുകള്‍ ബോംബുകളും ജെലാറ്റിനുകളുമാണ് വച്ചിരുന്നത്.

എന്നാല്‍ തങ്ങള്‍ അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. തങ്ങള്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചു. വ്യവസായികളെ ചുവന്ന പരവതാനി വിരിച്ച് തങ്ങള്‍ സ്വീകരിച്ചു. അവര്‍ക്ക് സബ്സിഡികളും ഏകജാലക സംവിധാനവും നടപ്പാക്കി. അങ്ങനെ ആഗോളതലത്തിലുള്ള വ്യവസായികള്‍ മഹാരാഷ്‌ട്രയ്ക്ക് പ്രഥമ പരിഗണന നല്‍കിത്തുടങ്ങി.

തങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ട യാത്ര സംവിധാനങ്ങളുമുണ്ട്. നൈപുണ്യമുള്ള മനുഷ്യ വിഭവശേഷിയുണ്ട്. നിക്ഷേപം കൂടി എത്തിയതോടെ തൊഴിലുകള്‍ സൃഷ്‌ടിക്കാനുമായി. ആളുകള്‍ക്ക് തൊഴില്‍ കിട്ടിയതോടെ സംസ്ഥാനത്ത് വികസനവും എത്തി. കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന് വികസനമായിരുന്നു ആവശ്യം. തങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് വേണ്ടുവോളം പിന്തുണ കിട്ടിയെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. താനെ നഗരത്തിലെ പച്പഹാഡിയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് ഷിന്‍ഡെ.

'വീട്ടിലിരിക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല'

മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന ( ഉദ്ധവ് ബാലസാഹെബ് താക്കറെ) മേധാവിയുമായ ഉദ്ധവ് താക്കറെയ്ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. വീട്ടിലിരുന്ന് ഫെയ്‌സ്ബുക്ക് ലൈവ് നടത്തുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. കളത്തിലിറങ്ങി വികസനം നടത്തുന്നവര്‍ക്കൊപ്പമാകും ജനങ്ങളുണ്ടാകുക. സംസ്ഥാനത്തൊട്ടാകെ വികസനപ്രവൃത്തികള്‍ നടക്കുകയാണ്.

'വികസന അജണ്ടയുമായി ജനങ്ങള്‍ക്കരുകിലേക്ക് '

താനും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും ഒരു സംഘമായി ചേര്‍ന്ന് ജനങ്ങള്‍ക്കരുകിലേക്ക് വികസന അജണ്ടയുമായി എത്തുകയായിരുന്നു. തങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. രണ്ട് വര്‍ഷം കൊണ്ട് പല നിര്‍ണായക തീരുമാനങ്ങലും തന്‍റെ സര്‍ക്കാര്‍ എടുത്തു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ബസുകളില്‍ സ്‌ത്രീകള്‍ക്ക് അന്‍പത് ശതമാനം മാത്രം നിരക്ക് ഈടാക്കുന്ന 'ലേക് ലഡ്‌കി പദ്ധതി', യുവാക്കള്‍ക്കായി സ്റ്റാര്‍ട്ട് അപ്പുകള്‍, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇഷ്‌ടപ്പെടുന്നവര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യുക തന്നെ ചെയ്യും എന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

'മഹാരാഷ്‌ട്രയിലെ വികസനത്തെ മോദിജിയും അഭിനന്ദിച്ചു'

മുംബൈയിലെ ഘാട്കോപ്പറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു റോഡ് ഷോ നടത്തിയിരുന്നു. മുംബൈയില്‍ അദ്ദേഹം രണ്ട് റോഡ് ഷോകളില്‍ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് ഏറെ കടുപ്പമേറിയത് കൊണ്ടാണോ മോദിയെ രണ്ട് തവണ ഇവിടെ ഇറക്കിയതെന്ന ചോദ്യത്തോട് പ്രധാനമന്ത്രി വരരുതെന്ന് വല്ല നിയമവും ഉണ്ടോയെന്നായിരുന്നോ എന്നായിരുന്നു ഷിന്‍ഡെയുടെ പ്രതികരണം. പ്രധാനമന്ത്രി വരുമ്പോള്‍ പ്രതിപക്ഷം ഭയചകിതരാകുന്നു. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചുവെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

മെട്രോ രണ്ട്, മെട്രോ 7, സമൃദ്ധി ദേശീയപാത, അടല്‍ സേതു, തുടങ്ങിയവയുടെ ഉദ്ഘാടനത്തിനായി മോദിയെ ക്ഷണിക്കുമ്പോള്‍ അദ്ദേഹം സന്തോഷത്തോടെ ഓടിയെത്തുന്നു. കാരണം അദ്ദേഹം വികസനത്തെ പ്രണയിക്കുന്നു. ജനങ്ങളും മോദിജിയെ ഇഷ്‌ടപ്പെടുന്നു. റോഡ്‌ഷോകളിലും റാലികളിലും ലക്ഷക്കണക്കിന് പേരാണ് അദ്ദേഹത്തെ കാണാന്‍ ഒഴുകിയെത്തുന്നത്. പ്രതിപക്ഷം ഏറെ ദുര്‍ബലമായിരിക്കുന്നു. അവരുടെ റാലികളും റോഡ്‌ഷോകളും ചെറിയ തെരുവുകളിലേക്കും പാതയോരങ്ങളിലേക്കുമായി ചുരുങ്ങുന്നു. മോദിജി തെരുവിലെത്തിയാല്‍ പ്രതിപക്ഷം എന്നും തെരുവിലായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

'പ്രതിപക്ഷത്തിന് പറയാന്‍ യാതൊരു വിഷയങ്ങളുമില്ല.'

പ്രതിപക്ഷത്തിനെതിരെ ശക്തമായ ഭാഷയിലാണ് ഷിന്‍ഡെ ആഞ്ഞടിച്ചത്. പ്രതിപക്ഷത്തിന് പറയാന്‍ യാതൊരു വിഷയങ്ങളുമില്ല. എന്നാല്‍ വികസനത്തെക്കുറിച്ച് പറയാന്‍ അവര്‍ക്ക് അധികാരമില്ല. കാരണം അവര്‍ വികസനത്തിന് ഒന്നും ചെയ്‌തിട്ടില്ല. പ്രധാനമന്ത്രി അവരുടെ പ്രവൃത്തികള്‍ ഓരോന്നും എണ്ണിപ്പറഞ്ഞ് അവരുടെ വായടപ്പിക്കും.

അത് കൊണ്ട് അവര്‍ ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് പറയുന്നു. ഡോ.ബാബസാഹേബ് അംബേദ്ക്കറിന്‍റെ ഭരണഘടന ഉള്ളത് കൊണ്ടാണ് നമ്മുടെ രാജ്യം മുന്നോട്ട് പോകുന്നത്. അത് കൊണ്ടാണ് നരേന്ദ്രമോദിയെ പോലൊരു സാധാരണക്കാരന് നമ്മുടെ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകാനായത്. അത് അദ്ദേഹം പോലും സമ്മതിക്കുന്ന കാര്യമാണെന്നും ഷിന്‍ഡെ പറഞ്ഞു.

അന്‍പത് അറുപത് വര്‍ഷമായി ഭരണഘടനയെക്കുറിച്ച് കോണ്‍ഗ്രസ് ചിന്തിച്ചിരുന്നില്ല. മോദിജിയാണ് ഭരണഘടനാ ദിനാചരണത്തിന് തുടക്കമിട്ടത്. ആരാണ് അംബേദ്ക്കറിനെ പരാജയപ്പെടുത്തിയത്? അത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് എന്ന വീടിനെ അഗ്നിക്കിരയാക്കണമെന്നും എല്ലാവരും അവിടെ നിന്ന് അകന്ന് നില്‍ക്കണമെന്നും അംബേദ്ക്കര്‍ പറഞ്ഞിരുന്നു.

ഭരണഘടനയ്ക്ക് ഒരു മാറ്റവും ഉണ്ടാകില്ലെന്ന് താന്‍ ഉറപ്പ് നല്‍കുന്നു. കോണ്‍ഗ്രസ് 82 തവണ ഭരണഘടന ഭേദഗതി ചെയ്‌തു. കോണ്‍ഗ്രസ് സ്വാര്‍ത്ഥരാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശസുരക്ഷയോട് ഒരു വിട്ടുവീഴ്‌ചയും ചെയ്യില്ല. അത്തരമൊരു മനുഷ്യനാണ് പ്രധാനമന്ത്രി ആകേണ്ടത്. ഇത് കോണ്‍ഗ്രസിന് ദഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'മോദി ഇന്ത്യയെ സൂപ്പര്‍ ശക്തിയാക്കും'

നമ്മുടെ രാജ്യത്തെ സൂപ്പര്‍ശക്തിയാക്കുമെന്നാണ് പ്രധാനമന്ത്രി നല്‍കുന്ന ഉറപ്പ്. രാജ്യത്തെ വികസനത്തിന്‍റെ പാതയിലേക്ക് നയിക്കും. കോണ്‍ഗ്രസ് എന്താണ് ചെയ്യുന്നത്. അവര്‍ നമ്മുടെ രാജ്യത്തെ വിദേശത്ത് അപകീര്‍ത്തിപ്പെടുത്തുന്നു. ഇതാണോ ദേശീയത? അവര്‍ പാകിസ്ഥാന്‍റെ ഭാഷയിലാണ് സംസാരിക്കുന്നത്.

അവര്‍ രക്തസാക്ഷിത്വം വഹിച്ച പൊലീസുകാരായ ഹേമന്ത് കര്‍ക്കറെയുടെയും വിജയ് സലസ്കറിന്‍റെയും തുക്കറാം ഓമ്പാലയുടെയും മരണങ്ങളെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തുന്നു. ഇത് അവരുടെ രക്തസാക്ഷിത്വത്തെ അപമാനിക്കലാണ്. അവര്‍ക്ക് ഒരൊറ്റ അജണ്ടയേ ഉള്ളൂ, നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുക. എന്നാല്‍ 2014ലും, 18ലും അവര്‍ പരാജയപ്പെട്ടു. ഇപ്പോഴിതാ 2024ലും പരാജയപ്പെടാന്‍ പോകുന്നു. അവരെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

'രാഹുല്‍ഗാന്ധിയുടെ പ്രധാനമന്ത്രിപദമോഹം മലര്‍പ്പൊടിക്കാരന്‍റെ സ്വപ്‌നം'

കോണ്‍ഗ്രസിനെ വോട്ട് ചെയ്‌ത് അധികാരത്തിലേറ്റിയാല്‍ ബിജെപി നേതാക്കളെ ജയിലിലാക്കുമെന്നാണ് രാഹുലിന്‍റെ അവകാശവാദം. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ആരും സ്വപ്നത്തില്‍ പോലും ചിന്തിക്കുന്നില്ലെന്നായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഷിന്‍ഡെ മറുപടി നല്‍കിയത്. ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ പോലും വിദേശത്തേക്ക് ഓടിയ ആളാണ് രാഹുല്‍.

എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒരു ദിവസം പോലും മോദി അവധിയെടുത്തിട്ടില്ല. അദ്ദേഹം പൂര്‍ണമായും രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു. ഉറങ്ങിക്കിടക്കുന്നവരെ പോലും വിളിച്ചുണര്‍ത്തി ആര് പ്രധാനമന്ത്രിയാകുമെന്ന് ചോദിച്ച് നോക്കൂ. മോദി എന്നാകും ഉത്തരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരെങ്കിലും രാഹുലിന്‍റെ പേര് പറയുമോ?. എന്താണ് രാഹുല്‍ ചെയ്‌തത്?. രാഹുല്‍ ഒരിക്കലും പ്രധാനമന്ത്രി ആകില്ല. അത് കൊണ്ട് തന്നെ അക്കാര്യത്തില്‍ കൂടുതല്‍ സംസാരം വേണ്ട. താനും മഹാരാഷ്‌ട്രയിലെ ജനങ്ങളുമായുള്ള ബന്ധം തെരഞ്ഞെടുപ്പിനും അപ്പുറമുള്ളതാണെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

'ശിവസേന പിളര്‍ന്നത് പാര്‍ട്ടിയെയും ചിഹ്നത്തെയും സംരക്ഷിക്കാന്‍'

പാര്‍ട്ടിയെയും തങ്ങളുടെ ചിഹ്നമായ അമ്പും വില്ലും സംരക്ഷിക്കാന്‍ പാര്‍ട്ടി പിളര്‍ത്തേണ്ടത് അത്യാവശ്യമായിരുന്നുവെന്നാണ് ഷിന്‍ഡെയുടെ വാദം. തങ്ങളുടെ നേതാക്കള്‍ അധികാരത്തിന്‍റെ അത്യാഗ്രഹം കൊണ്ട് അന്ധരായിക്കഴിഞ്ഞിരുന്നു. അത് കൊണ്ട് ശിവസേനക്കാരെ സംരക്ഷിക്കണമായിരുന്നു. അവര്‍ മഹാരാഷ്‌ട്രയിലെ ജനങ്ങളെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു.

ബാലാസഹേബ് താക്കറെ പോലും അദ്ദേഹത്തിന്‍റെ പ്രത്യയശാസ്‌ത്രത്തില്‍ നിന്ന് പിന്നാക്കം പോയി. സഖ്യകക്ഷിയായ ബിജെപിയെ പിന്നില്‍ നിന്ന് കുത്തി. തങ്ങള്‍ ഐക്യശിവസേനയില്‍ തുടര്‍ന്നിരുന്നെങ്കില്‍ പാര്‍ട്ടി പൂര്‍ണമായും ഇല്ലാതായേനേ. അത് കൊണ്ടാണ് അത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ജനങ്ങള്‍ അത് സ്വീകരിക്കുകയും ചെയ്‌തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

'പൂനെയിലെ പോര്‍ഷെ കാര്‍ അപകടത്തില്‍ ആരെയും വെറുതെ വിടില്ല'

പതിനേഴുകാരന്‍ ഉള്‍പ്പെട്ട പൂനെ പോര്‍ഷെ കാറപകടത്തെക്കുറിച്ചും മുഖ്യമന്ത്രിയോട് ആരാഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകും. ഇക്കാര്യം പൂനെ പൊലീസ് കമ്മീഷണറുമായി ചര്‍ച്ച ചെയ്‌തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. സംഭവത്തില്‍ കുറ്റക്കാരായ ആരെയും വെറുതെ വിടരുതെന്ന് പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ എത്ര ശക്തരാണെങ്കിലും എല്ലാവരെയും ജയിലിലാക്കണം. ഇത് തന്‍റെ ഉത്തരവാണ്. രണ്ട് ജീവനുകളാണ് നഷ്‌ടമായത്. ആരെയെങ്കിലും ഇടിച്ച് കൊന്നിട്ട് ആരെയും വെറുതെ വിടാനാകില്ല. ഇക്കാര്യം നമ്മുടെ നാട്ടില്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:ഏക്‌നാഥ് ഷിൻഡെ ഗ്യാങ്സ്റ്ററിനൊപ്പം, ചിത്രങ്ങള്‍ പങ്കുവെച്ച്‌ എംപി സഞ്ജയ് റാവത്ത്

ABOUT THE AUTHOR

...view details