ചെന്നൈ (തമിഴ്‌നാട്):ജയിലിൽ താടി നീട്ടി വളർത്താൻ അനുവദിക്കണമെന്‍റെ തടവുകാരന്‍റെ ഹർജിയിൽ അനുകൂല വിധി നൽകി കോടതി. ജയിലിൽ താടി വളർത്താൻ അനുവദിക്കണമെന്ന ഡാനിയൽ രാജ എന്ന തടവുകാരന്‍റെ ഹർജിക്കാണ് മദ്രാസ് ഹൈക്കോടതി അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്.
ക്രിസ്‌ത്യൻ മതമനുസരിച്ച് താടി നീട്ടി വളർത്തിയ തടവുകാരനോട് അത് മുറിക്കാൻ പുഴലിലെ ജയിൽ അധികൃതർ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ തടവുകാരൻ കോടതിയെ സമീപിക്കുകയും, കേസ് പരിഗണിച്ച കോടതി തടവുകാരന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
'ഞാൻ വർഷങ്ങളായി പുഴൽ ജയിലിലാണ്, ക്രിസ്‌ത്യൻ മതമനുസരിച്ചാണ് ഞാൻ താടി നീട്ടി വളർത്തുന്നത്. എന്‍റെ മതവിശ്വാസമനുസരിച്ച് താടി വളർത്തുന്നത് ഒരു തെറ്റല്ല' എന്ന് ഹർജിയിൽ ഡാനിയൽ ചൂണ്ടിക്കാട്ടി.
ജയിലിൽ താടി വളർത്താൻ അനുവദിക്കില്ലെന്നും അത് വെട്ടണമെന്നും പുഴൽ അധികൃതർ ഡാനിയലിനോട് പറഞ്ഞിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ ഹൈക്കോടതി ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അപേക്ഷിച്ചാണ് അദ്ദേഹം ഹർജി നൽകിയത്. ജസ്‌റ്റിസുമാരായ എസ്‌എം സുബ്രഹ്മണ്യം, ജ്യോതിരാമൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.