കേരളം

kerala

ETV Bharat / bharat

ലോക്‌സഭ സ്‌പീക്കര്‍: മത്സരം ഇത് മൂന്നാം തവണ; ഒരുങ്ങി ഓം ബിര്‍ളയും കൊടിക്കുന്നിൽ സുരേഷും - LOK SABHA SPEAKER ELECTION PROCESS - LOK SABHA SPEAKER ELECTION PROCESS

ലോക്‌സഭ സ്‌പീക്കര്‍മാരെ സമവായത്തിലൂടെ തെരഞ്ഞെടുക്കുന്നതാണ് പതിവ്. എന്നാല്‍ പതിവ് തെറ്റിച്ച് ഇത്തവണ ലോക്‌സഭാ സ്‌പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും. ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷത്തെ പരിഗണിക്കുമെന്ന ഉറപ്പ് ബിജെപി നല്‍കാത്തതിനെ തുടര്‍ന്നാണ് മത്സരം.

OM BIRLA VS K SURESH  ലോക്‌സഭ സ്‌പീക്കര്‍ തെരഞ്ഞെടുപ്പ്  SPEAKER ELECTION  ഓം ബിര്‍ളയും കെ സുരേഷും
ഓം ബിര്‍ള, കൊടിക്കുന്നിൽ സുരേഷ് (ETV Bharat)

By ETV Bharat Kerala Team

Published : Jun 25, 2024, 5:17 PM IST

Updated : Jun 25, 2024, 5:50 PM IST

ന്യൂഡൽഹി:പതിനെട്ടാം ലോക്‌സഭയുടെ സ്‌പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. ഇന്ത്യന്‍ പാര്‍ലമെന്‍റ് ചരിത്രത്തില്‍ തന്നെ സ്‌പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ടുളളത് അത്യപൂര്‍വ്വമായാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ലോക്‌സഭാ സ്‌പീക്കര്‍മാരെ സമവായത്തിലൂടെ ഐകകണ്ഠ്യേന തെരഞ്ഞെടുക്കുന്നതാണ് പതിവ്. ഈ പതിവ് തെറ്റിച്ചു കൊണ്ടാണ് സ്‌പീക്കര്‍ സ്ഥാനത്തേക്ക് ഇത്തവണ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

സ്വതന്ത്ര ഇന്ത്യയില്‍ മുമ്പ് 2 തവണ മാത്രമാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് വോട്ടെടുപ്പ് വേണ്ടിവന്നത്. ആദ്യത്തേത് 1952 ലായിരുന്നു. അന്ന് കോണ്‍ഗ്രസിലെ ജി വി മാവ്ലങ്കര്‍ നേരിട്ടത് ശങ്കര്‍ ശാന്താരാമിനെയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 1976 ലും സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരം നടന്നു. അന്ന് ബലിറാം ഭഗത്തും ജഗന്നാഥ റാവുവും തമ്മിലായിരുന്നു മല്‍സരം. ഓം ബിര്‍ളയും കൊടിക്കുന്നില്‍ സുരേഷും തമ്മില്‍ ലോക് സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് നടക്കുന്ന മല്‍സരം സ്വതന്ത്ര ഇന്ത്യയിലെ മൂന്നാമത്തെ മല്‍സരമാണ്.

സ്ഥാനമൊഴിഞ്ഞ സ്‌പീക്കര്‍ ഓം ബിര്‍ളയെ തന്നെയാണ് ബിജെപി സ്‌പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ഇത് എന്‍ഡിഎ സഖ്യകക്ഷികളും അംഗീകരിച്ചു. എന്‍ഡിഎ ഓം ബിര്‍ളയെ സ്‌പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കുമ്പോള്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷത്തെ പരിഗണിക്കുമെന്ന ഉറപ്പ് തേടി കോണ്‍ഗ്രസ് സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറായിരുന്നു. എന്നാല്‍ ബിജെപി ഇക്കാര്യത്തില്‍ ഉറപ്പൊന്നും നല്‍കാതെ വന്നതോടെ മാവേലിക്കരയില്‍ നിന്ന് എട്ടാം തവണയും എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ സ്‌പീക്കര്‍ സ്ഥാനത്തേക്കുള്ള പ്രതിപക്ഷ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു. ഭരണ പ്രതിപക്ഷ നിരകളില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ സ്‌പീക്കര്‍ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക നല്‍കിക്കഴിഞ്ഞു.

സുപ്രധാനമായ സ്‌പീക്കര്‍ പദവിയിലേക്കുള്ള തെരഞ്ഞടുപ്പാണ് ഇനി നടക്കേണ്ടത്. സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ പ്രോടേം സ്‌പീക്കര്‍ക്ക് വലിയ പങ്കാണുള്ളതെന്ന് ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി ഇടിവി ഭാരതിനോട് പറഞ്ഞു. "ലോക്‌സഭയുടെ ചട്ടം അനുസരിച്ച് പ്രോടേം സ്‌പീക്കറാണ് സ്‌പീക്കര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുക. അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പ്രോടേം സ്‌പീക്കറുടെ അടുത്ത ചുമതല സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ്. ലോക്‌സഭാ സെക്രട്ടറി ജനറല്‍ വോട്ടെടുപ്പിന്‍റെ രീതി വിശദീകരിക്കും."

വോട്ടെടുപ്പ് എങ്ങനെ:

മല്‍സരം നടക്കുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പിനായി ലോബി ക്ലിയര്‍ ചെയ്യും. അംഗങ്ങള്‍ക്ക് ഇലക്ട്രോണിക് സംവിധാനം വഴി വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കും. മറ്റു ഘട്ടങ്ങളില്‍ ശബ്‌ദ വോട്ടും പേപ്പര്‍ വോട്ടുമൊക്കെ ഉപയോഗിക്കാറുണ്ട്. സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് പോലുള്ള അവസരങ്ങളില്‍ സഭയിലെ അംഗങ്ങളുടെ ഇരിപ്പിടത്തിന് മുന്നിലുള്ള ഇലക്ട്രോണിക് സംവിധാനം വഴിയാണ് വോട്ട് രേഖപ്പെടുത്തുക. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള വോട്ടെടുപ്പിനായി പ്രതിപക്ഷം നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ പ്രോടേം സ്‌പീക്കര്‍ക്ക് തീരുമാനമെടുക്കാം. അത്തരം സാഹചര്യത്തില്‍ ഇരു സ്ഥാനാര്‍ഥികളേയും സഹായിക്കാന്‍ പോളിങ്ങ് കൗണ്ടിങ്ങ് ഏജന്‍റുമാരെ നിയോഗിക്കും. വോട്ട് രേഖപ്പെടുത്തിയ സ്ലിപ്പ് അംഗങ്ങള്‍ക്ക് സ്‌പീക്കറുടെ പോഡിയത്തിനു സമീപമായി സ്ഥാപിക്കുന്ന ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കാം. പിന്നീട് വോട്ടെണ്ണലാണ് നടക്കുക. കൗണ്ടിങ്ങ് ഏജന്‍റുമാരുടെ സാന്നിധ്യത്തിലാണ് വോട്ട് രേഖപ്പെടുത്തിയ സ്ലിപ്പുകള്‍ എണ്ണുക. ഇലക്ട്രോണിക് സംവിധാനത്തിലുള്ള വോട്ടിങ്ങാണെങ്കില്‍ മണി മുഴങ്ങിയ ശേഷം അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാം. വോട്ടിങ്ങ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ സ്‌പീക്കര്‍ക്ക് പിന്നിലുള്ള സ്ക്രീനില്‍ വോട്ട് നില തെളിയും. വോട്ടെടുപ്പിന്‍റെ ഫലം ലോക്‌സഭാ സെക്രട്ടറി ജനറല്‍ വായിക്കും. തുടര്‍ന്ന് പ്രോടേം സ്‌പീക്കര്‍ പുതുയ സ്‌പീക്കറെ തെരഞ്ഞെടുത്തതായ പ്രഖ്യാപനം നടത്തും.

അംഗബലം:

സഭയിലെ നിലവിലെ അംഗബലം വച്ച് എന്‍ഡിഎ ക്ക് 293 എംപി മാരുടെ പിന്തുണയുണ്ട്. സ്വാഭാവികമായും എന്‍ഡിഎ സ്ഥാനാര്‍ഥി ഓം ബിര്‍ള തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. ഒരു മല്‍സരത്തിലേക്ക് പ്രതിപക്ഷം കടന്ന സാഹചര്യത്തിലും ഏതെങ്കിലും എംപിമാര്‍ മാറിചിന്തിക്കാനുള്ള സാധ്യത കുറവാണ്. എന്‍ഡിഎ മുന്നണിയിലെ ഘടകകക്ഷികള്‍ ഏതെങ്കിലും ഒന്നടങ്കം മാറിച്ചിന്തിക്കാനുള്ള സാധ്യതയും വിരളമാണ്.

പ്രതിപക്ഷ തന്ത്രം:

സ്‌പീക്കര്‍ സ്ഥാനത്തേക്ക് ജയിക്കാനായില്ലെങ്കിലും ഡെപ്യൂട്ടി സ്‌പീക്കര്‍ പദവി സ്വന്തമാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയെന്നതാണ് പ്രതിപക്ഷ തന്ത്രം. പരമാവധി ഭരണഘടനാ പദവികള്‍ സ്വന്തമാക്കുകയെന്ന നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ഇത്തവണ പ്രതിപക്ഷ നേതൃ പദവി കോണ്‍ഗ്രസിന് ലഭിക്കും. സ്‌പീക്കര്‍ തെരഞ്ഞെടുപ്പിനു ശേഷം രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതൃ പദവിയിലേക്ക് തീരുമാനിച്ച അറിയിപ്പ് ഇന്ത്യാ മുന്നണി പുതിയ സ്‌പീക്കര്‍ക്ക് കൈമാറും. ഡെപ്യൂട്ടി സ്‌പീക്കര്‍ പദവി കൂടി ലഭിച്ചാല്‍ അത് കോണ്‍ഗ്രസ് തന്നെ കൈവശം വെക്കുമോ ഘടകകക്ഷികള്‍ക്ക് കൈമാറുമോ എന്ന് വ്യക്തമല്ല.

ബല്‍റാം ഝക്കര്‍, ജി എംസി ബാലയോഗി, ജി എസ് ധില്ലണ്‍, എന്നിവരൊക്കെ ഇതിനു മുമ്പ് തുടര്‍ച്ചയായി ഒരു ടേമിലേറെ സ്പീക്കര്‍മാരായിരുന്നിട്ടുണ്ട്. അവരുടെ പട്ടികയിലേക്കാണ് ഓം ബിര്‍ള കൂടി ചേരുന്നത്. പന്ത്രണ്ടാം ലോക് സഭയിലും പതിമൂന്നാം ലോക് സഭയിലും സ്പീക്കറായിരുന്ന ജി എംസി ബാലയോഗിയാണ് ഈ പദവിയില്‍ തുടര്‍ച്ച ലഭിച്ച ഏറ്റവും ഒടുവിലത്തെ സ്പീക്കര്‍. ഏഴാം ലോക് സഭയിലും എട്ടാം ലോക് സഭയിലും സ്പീക്കറായിരുന്ന ബല്‍റാം ഝക്കറാണ് ഏറ്റവും അധികം കാലം സ്പീക്കറായിരുന്നയാള്‍.

ഡെപ്യൂട്ടി സ്പീക്കര്‍ പദം പ്രതിപക്ഷ കക്ഷികള്‍ക്ക് നല്‍കണമെന്ന വ്യവസ്ഥയൊന്നും സഭാ ചട്ടത്തിലില്ല. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭരിച്ച എഴുപത് വരെയുള്ള കാലത്ത് ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും അവര്‍ തന്നെയാണ് കൈവശം വെച്ചത്. എഴുപതുകളില്‍ ഇടക്കാലത്ത് മേഘാലയയിലെ പാര്‍ട്ടിയായ ആള്‍ പാര്‍ട്ടി ഹില്‍ ലീഡേഴ്സ് കോണ്‍ഫറന്‍സിലെ ജിജി സ്വെല്ലിന് ഡെപ്യൂട്ടി സ്പീക്കര്‍ പദം കോണ്‍ഗ്രസ് നല്‍കിയിരുന്നു. മൊറാര്‍ജിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസിതര സര്‍ക്കാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷമായ കോണ്‍ഗ്രസിന് നല്‍കിയിരുന്നു.

1980 ല്‍ ഇന്ദിരാഗാന്ധി തിരിച്ച് ഭരണത്തിലെത്തിയപ്പോള്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയത് ഒപ്പം നിന്ന ഡിഎംകെ ക്കായിരുന്നു. 84 ലെ രാജീവ് സര്‍ക്കാരും ഡെപ്യൂട്ടി സ്പീക്കര്‍ പദം സഖ്യകക്ഷിയായ അണ്ണാ ഡിഎംകെകെയ്ക്കാണ് നല്‍കിയത്. പിന്നീട് വിപി സിങ്ങ് മന്ത്രിസഭ വന്നപ്പോള്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദം വീണ്ടും കോണ്‍ഗ്രസിന് നല്‍കി. പിന്നീട് പിവി നരസിംഹ റാവുവിന്‍റെ കാലത്താണ് വീണ്ടും കോണ്‍ഗ്രസ് ഡെപ്യൂട്ടി സ്പീക്കര്‍ പദം പ്രതിപക്ഷത്തിന് നല്‍കാന്‍ തുടങ്ങിയത്. പിന്നീട് വാജ്പേയ് സര്‍ക്കാരിന്‍റെ കാലത്ത് പദവി കോണ്‍ഗ്രസിന് നല്‍കിയിരുന്നു. യുപി എ സര്‍ക്കാര്‍ വന്നപ്പോള്‍ പ്രതിപക്ഷ ബിജെപിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദം നല്‍കി. 2014 ല്‍ ഒന്നാം മോദി സര്‍ക്കാരിന്‍റെ കാലത്ത് അണ്ണാ ഡി എം കെയിലെ എം തമ്പിദുരൈക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദം നല്‍കിയിരുന്നു.

രണ്ടുതവണയായി ഏറ്റവും കൂടുതല്‍ കാലം ഡെപ്യൂട്ടി സ്പീക്കറായിരുന്നതും തമ്പിദുരൈയാണ്. എന്‍ ഡി എ മുന്നണിയുടെ ഭാഗമായിരുന്നില്ലെങ്കിലും മോദി സര്‍ക്കാരിന് പലപ്പോഴും പിന്തുണ നല്‍കിയിരുന്നു അണ്ണാ ഡി എംകെ . 2019 ലാകട്ടെ മോദി സര്‍ക്കാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദം ഒഴിച്ചിടുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ പദവി മുഖ്യ പ്രതിപക്ഷ കക്ഷിക്ക് നല്‍കണമെന്നോ പ്രതിപക്ഷത്തിന് നല്‍കണമെന്നോ ഭരണപക്ഷം തന്നെ കൈവശം വെക്കണമെന്നോ ഒന്നും വ്യക്തമായ കീഴ്വഴക്കമില്ലെന്ന് സഭയുടെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. ഇക്കാര്യങ്ങളൊക്കെ സര്‍ക്കാരിനും ഭരണമുന്നണിക്കും തീരുമാനിക്കാമെന്നല്ലാതെ നിയതമായ ചട്ടങ്ങളില്ല.

Also Read:രണ്ടാം വട്ടവും സ്‌പീക്കറാകാന്‍ ഓം ബിര്‍ള: നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു; കോൺഗ്രസിനായി കൊടിക്കുന്നില്‍

Last Updated : Jun 25, 2024, 5:50 PM IST

ABOUT THE AUTHOR

...view details