ഹൈദരാബാദ് :രാജ്യത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള പ്രമുഖർ ഏഴാംഘട്ടത്തിൽ ജനവിധി തേടുന്നു. ഏഴ് സംസ്ഥാനങ്ങള്‍, ഒരു കേന്ദ്രഭരണ പ്രദേശം എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുന്നത്.
ഉത്തർപ്രദേശിലും പഞ്ചാബിലുമായി 13, പശ്ചിമ ബംഗാളിൽ 9, ബിഹാറിൽ 8, ഒഡിഷയിൽ 6, ഹിമാചൽ പ്രദേശിൽ 4, ജാർഖണ്ഡിലെ 3, ചണ്ഡീഗഡിലെ ഒന്ന് എന്നിങ്ങനെയാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. അതേസമയം മിഥുൻ ചക്രവർത്തി, കങ്കണ റണാവത്ത്, ഹർഭജൻ സിങ് തുടങ്ങി ചലച്ചിത്ര - കായിക ലോകത്തെ പ്രമുഖർ രാവിലെ തന്നെ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനായി എത്തി.
ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്‌സഭയിലെ ബിജെപി സ്ഥാനാർഥി കൂടിയാണ് നടി കങ്കണ റണാവത്ത്. ജനാധിപത്യത്തിൻ്റെ ഉത്സവത്തിൽ പങ്കെടുത്ത് വോട്ടവകാശം വിനിയോഗിക്കാൻ ജനങ്ങളോട് അഭ്യർഥിക്കുകയാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം നടി പ്രതികരിച്ചു. പ്രധാനമന്ത്രി മോദിയുടെ തരംഗം സംസ്ഥാനത്ത് ഉണ്ടെന്നും മാണ്ഡിയിലെ ജനങ്ങൾ തന്നെ അനുഗ്രഹിക്കുമെന്നും താരം പറഞ്ഞു. സംസ്ഥാനത്തെ 4 സീറ്റുകളും തങ്ങൾ നേടുമെന്നാണ് പ്രതീക്ഷയെന്നും കങ്കണ കൂട്ടിച്ചേർത്തു.
താൻ ഒരു ബിജെപി കേഡറാണെന്നും കടമ നിറവേറ്റി എന്നുമാണ് വോട്ട് ചെയ്‌ത ശേഷമുള്ള മിഥുൻ ചക്രവർത്തിയുടെ പ്രതികരണം. ജലന്ധറിലെ പോളിങ് ബൂത്തിൽ എത്തിയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എഎപി രാജ്യസഭ എംപിയുമായ ഹർഭജൻ സിങ് വോട്ട് രേഖപ്പെടുത്തിയത്. തങ്ങൾക്ക് വേണ്ടത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുന്ന ഒരു സർക്കാർ ആണെന്നും ജനങ്ങൾ വോട്ടുചെയ്യാൻ വൻതോതിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.