ന്യൂഡൽഹി :ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് ക്രമീകരണങ്ങൾ സജ്ജം. രാജ്യത്തുടനീളം രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തുടർച്ചയായി മൂന്നാം തവണയും എൻഡിഎ തന്നെ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം പ്രതിപക്ഷമായ ഇന്ത്യാസംഘം, കേന്ദ്രത്തിൽ നിന്ന് ദേശീയ ജനാധിപത്യ സഖ്യത്തെ (എൻഡിഎ) അധികാരത്തിൽ നിന്ന് പുറത്താക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
വോട്ടെണ്ണുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്. 80 എംപിമാരെ തെരഞ്ഞെടുക്കുന്ന ഉത്തർപ്രദേശിൽ 75 ജില്ലകളിലെ 81 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. സിസിടിവി നിരീക്ഷണത്തിലായിരിക്കും വോട്ടെണ്ണൽ. മാത്രമല്ല സംസ്ഥാനത്ത് വിജയഘോഷയാത്രകൾ നിരോധിച്ചു. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതൽ എംപിമാരെ തെരഞ്ഞെടുക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്.
മഹാരാഷ്‌ട്രയിൽ 289 കൗണ്ടിങ് ഹാളുകളിലും 4,309 കൗണ്ടിംഗ് ടേബിളുകളിലുമായി 14,507 പേർ വോട്ടെണ്ണലിന്‍റെ ഭാഗമാകും. മഹാരാഷ്‌ട്ര 48 എംപിമാരെയാണ് തെരഞ്ഞെടുക്കുന്നത്. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതൽ എംപിമാരെ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്‌ട്ര.
തെലങ്കാനയിലെ 17 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പോൾ ചെയ്‌ത വോട്ടുകൾ എണ്ണുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്, പതിനായിരത്തോളം പേർ വോട്ടെണ്ണലിനായി സജ്ജരാണ്. 34 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. കേരളത്തിൽ 20 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും. വടക്കൻ കേരളത്തിലെ കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങള്‍ക്ക് ചുറ്റും ജില്ലാഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തി. ഒഡിഷയിൽ സംസ്ഥാനത്തൊട്ടാകെ 70 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ.