ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ 400 സീറ്റെന്ന ബിജെപിയുടെ അവകാശവാദം തമാശ മാത്രമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. 300ലേറെ സീറ്റ് നേടുക എന്നത് തന്നെ അസാധ്യമാണെന്നും തിരുവനന്തപുരം ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ ശശി തരൂർ പറഞ്ഞു. 200 സീറ്റ് പോലും ഇത്തവണ ബിജെപിക്ക് വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാകും ഉണ്ടാവുക. 2019-ലെ പ്രകടനത്തേക്കാൾ മോശമായ പ്രകടനമായിരിക്കും ഇത്തവണ കാഴ്‌ചവെക്കുകയെന്നും തരൂർ അവകാശപ്പെട്ടു. തിരുവനന്തപുരം മണ്ഡലത്തിൽ ത്രികോണ മത്സരമാണ് നടന്നത്. ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനോടും എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനോടും പൊരുതിയ താൻ സുഖകരമായ വിജയം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.