ന്യൂഡല്‍ഹി : മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ സീറ്റിലെ നിലവിലെ എംപി പൂനം മഹാജനെ തഴഞ്ഞ് മുംബൈ ഭീകരാക്രമണ കേസിലെ പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികമിനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. നിയമവൃത്തങ്ങളില്‍ ഏറെ പ്രശസ്‌തനായ വ്യക്തിയാണ് നികം. രണ്ട് തവണ എംപിയായ പൂനം മഹാജന്‍ അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്‍റെ മകളാണ്.
സംഘടന തലത്തിലുള്ള ചില അഭിപ്രായത്തിന്‍റെ പേരിലാണ് പൂനത്തെ ഒഴിവാക്കിയതെന്നാണ് സൂചന. കുറച്ച് നാളായി ഇവരെ ഒഴിവാക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇവര്‍ക്ക് പകരം ആളെത്തേടുകയായിരുന്നു എന്നും പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.
2014ല്‍ സിറ്റിങ് എംപിയും അന്തരിച്ച ചലച്ചിത്ര താരം സുനില്‍ദത്തിന്‍റെ മകളുമായ പ്രിയദത്തയെ പരാജയപ്പെടുത്തിയാണ് പൂനം എംപിയായത്. 2019ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിച്ച 25 സീറ്റില്‍ 23ലും വിജയിച്ചു. ശിവസേന മത്സരിച്ച 23 സീറ്റില്‍ 18ല്‍ വിജയം നേടി.
Also Read:ബാലറ്റ് പേപ്പറിലേക്ക് മടങ്ങാനാകില്ല, ഇവിഎമ്മുകളിലൂടെ ബൂത്ത് പിടിത്തം ഇല്ലാതാക്കി: സുപ്രീം കോടതി പറയുന്നത് ഇങ്ങനെ
നഗരത്തിലെ പാര്‍ട്ടി മേധാവിയും ധാരാവി എംഎല്‍എയുമായ വര്‍ഷ ഗെയ്‌ക്‌വാദിനെയാണ് കോണ്‍ഗ്രസ് മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ നിന്ന് ജനവിധി തേടാന്‍ നിയോഗിച്ചിട്ടുള്ളത്. മുംബൈയില്‍ അടുത്തമാസം 20ന് അഞ്ചാംഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. പൊതുതെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന ഒഡിഷ നിയമസഭ തെരഞ്ഞെടുപ്പിനുള്ള എട്ട് സ്ഥാനാര്‍ഥികളെ കൂടി ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.