മുംബൈ: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്‌തെന്ന ആരോപണം തള്ളി ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ രംഗത്ത്. നിയമങ്ങളെക്കുറിച്ച് തനിക്ക് പൂര്‍ണ ബോധ്യമുണ്ടെന്നും ഇത്തരം മണ്ടത്തരങ്ങള്‍ കാട്ടാന്‍ മാത്രം വിഡ്ഢിയല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്‌ട്രീയ എതിരാളികളുടെ ഹോട്ടലില്‍ വച്ച് പണം കൈമാറാനുള്ള ബുദ്ധി ശൂന്യത തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് മുംബൈയില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെയുള്ള വിരാറിലെ ഒരു ഹോട്ടലില്‍ വച്ച് വിനോദ് താവ്‌ഡെ അഞ്ച് കോടി രൂപ വിതരണം ചെയ്‌തെന്ന ആരോപണവുമായി ബഹുജന്‍ വികാസ് അഘാടി(ബിവിഎ) നേതാവ് ഹിതേന്ദ്ര ഠാക്കൂര്‍ രംഗത്ത് എത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഹോട്ടല്‍ മുറികളില്‍ നിന്ന് 9.93 ലക്ഷം രൂപ കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെക്കുറിച്ച് താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമാണ് താന്‍ ചെയ്‌തതെന്ന് താവ്ഡെ പറഞ്ഞു. പല്‍ഘറിലെ വിരാറിലുള്ള വിവാന്ത ഹോട്ടല്‍ ഠാക്കൂര്‍മാരുടേതാണ്. അവരുടെ ഹോട്ടലില്‍ പോയി പണം വിതരണം ചെയ്യാന്‍ മാത്രം മണ്ടനല്ല താനെന്നും താവ്‌ഡെ കൂട്ടിച്ചേര്‍ത്തു.
നാല്‍പ്പത് വര്‍ഷമായി രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താന്‍ നിയമങ്ങളെക്കുറിച്ച് തനിക്ക് നന്നായി അറിയാം. പ്രത്യേകിച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നിശബ്‌ദ പ്രചാരണ വേളയിലെ നിയമങ്ങളെക്കുറിച്ച് തനിക്ക് നല്ല ധാരണയുണ്ട്. താന്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ചകള്‍ നടത്തുകയാണ് ചെയ്‌തത്. താന്‍ പ്രചാരണത്തില്‍ ആയിരുന്നില്ല.
സംഭവത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷമായ മഹാ വികാസ് അഘാടി നേതാക്കള്‍ ആവശ്യപ്പെട്ടു. ദേശീയ നേതാക്കള്‍ ഇത്തരമൊരു സംഭവത്തില്‍ ഉള്‍പ്പെടുമോ എന്നും അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു. എതിരാളികളുടെ ഉടമസ്ഥതതയിലുള്ള ഹോട്ടലില്‍ വച്ച് പണം വിതരണം ചെയ്യാന്‍ മാത്രം ബുദ്ധി ശൂന്യരല്ല ബിജെപി നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ പക്കല്‍ നിന്ന് പണമൊന്നും കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് കോടി രൂപ രാഹുല്‍ ഗാന്ധിയോ സുപ്രിയ സൂലെയോ കണ്ടെങ്കില്‍ അത് തനിക്ക് അയച്ച് തരണം. തന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ മതിയെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം പാല്‍ഘറിലെ ഹോട്ടലില്‍ വച്ച് പണം വിതരണം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് തവ്‌ഡെയ്ക്കും ബിജെപി സ്ഥാനാര്‍ത്ഥി രാജന്‍ നായിക്കിനും മറ്റ് ചിലര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇതിനിടെ വാര്‍ത്താസമ്മേളനം നടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മറ്റൊരു കേസും ബിജെപി-ബഹുജന്‍ വികാസ് അഘാടി നേതാക്കള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്‌തു. മൂന്ന് കേസുകളും പല്‍ഘാര്‍ ജില്ലയിലെ തുലിഞ്ജി പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. നിയമസഭ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നില നില്‍ക്കെ അവ ലംഘിച്ചുവെന്നാരോപിച്ചാണ് ഈ കേസ്.
Also Read: മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി അജിത് പവാറും ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതും