ഹൈദരാബാദ് : ഇന്ത്യക്കാരിയായ ഹര്‍ഷിത ബ്രെല്ല എന്ന 24കാരി ഇംഗ്ലണ്ടില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് 23കാരനായ പങ്കജ് ലാമ്പ രാജ്യം വിട്ടെന്ന് സംശയിക്കുന്നതായി ബ്രിട്ടീഷ് പൊലീസ്. ഡല്‍ഹി സ്വദേശിയായ ഹര്‍ഷിത നവംബര്‍ 10 ഞായറാഴ്‌ച വൈകിട്ടാണ് കോര്‍ബി പട്ടണത്തില്‍ വച്ച് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിയാണ് ഹര്‍ഷിത മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
ഹര്‍ഷിതയെ കൊലപ്പെടുത്തിയ ശേഷം പങ്കജ് മൃതദേഹം കാറിലിട്ട് കോര്‍ബിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഇല്‍ഫോര്‍ഡിലുള്ള ബ്രിസ്‌ബെയ്‌ന്‍ റോഡില്‍ ഉപേക്ഷിച്ച ശേഷം കടന്ന് കളയുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. പിന്നീട് ഇയാള്‍ രാജ്യം വിട്ടെന്നും പൊലീസ് സംശയിക്കുന്നു. ഹര്‍ഷിതയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കിഴക്കന്‍ ലണ്ടനില്‍ നിന്ന് നവംബര്‍ പതിനാല് വ്യാഴാഴ്‌ചയാണ് കണ്ടെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഹര്‍ഷിതയ്ക്ക് നീതി ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് തന്‍റെ സംഘമെന്ന് പൊലീസ് ചീഫ് ഇന്‍സ്‌പെക്‌ടര്‍ ജോണി കാംപ്ബെല്‍ പറഞ്ഞു. സില്‍വര്‍ നിറമുള്ള കാറോടിച്ച് പങ്കജ് ലാമ്പ പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. നവംബര്‍ 11 തിങ്കളാഴ്‌ചയാണിത്. ആ സമയം കാറില്‍ മൃതദേഹം ഉണ്ടായിരുന്നിരിക്കണം. പിന്നീട് ഇത് കോര്‍ബിയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നും പൊലീസ് സംശയിക്കുന്നു.
പങ്കജ് ലാമ്പെയെ കാണുന്നവര്‍ അക്കാര്യം തങ്ങളെ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളെകുറിച്ച് എന്തെങ്കിലും വിവരമറിയാവുന്നവര്‍ അത് അറിയിക്കണം. ചെറിയൊരു കാര്യം പോലും അന്വേഷണത്തിന് ഏറെ സഹായകമാകും എന്നും പൊലീസ് അറിയിച്ചു.
ഗാര്‍ഹിക പീഡനത്തിന്‍റെ ഇര : 2023 ഓഗസ്റ്റിലാണ് ഹര്‍ഷിത പങ്കജിനെ വിവാഹം ചെയ്‌തത്. ഇക്കൊല്ലം ഏപ്രിലിലാണ് ഇവര്‍ ബ്രിട്ടനിലേക്ക് പോയത്. അവിടെ ഒരു വെയര്‍ഹൗസില്‍ ജോലി ചെയ്യുകയായിരുന്നു ഹര്‍ഷിത. പങ്കജ് പഠിക്കുകയും. ദാമ്പത്യജീവിതത്തിന്‍റെ ഈ കാലത്തിനിടെ മകള്‍ കടുത്ത ഗാര്‍ഹിക പീഡനം അനുഭവിച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.
ഭര്‍ത്താവ് അക്രമാസക്തനായതിനാല്‍ താന്‍ എവിടെക്കെങ്കിലും ഓടിപ്പോകുമെന്ന് ഓഗസ്റ്റ് അവസാനം മകള്‍ തന്നെ വിളിച്ച് പറഞ്ഞിരുന്നതായി പിതാവ് സത്‌ബിര്‍ ബ്രെല്ല പറഞ്ഞു. ഹര്‍ഷിത തനിക്ക് സമയത്തിന് ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ലെന്ന് പങ്കജ് പരാതിപ്പെട്ടിരുന്നു. അമ്മയുമായി അമിതമായി ഫോണില്‍ സംസാരിക്കുന്നുവെന്നും പങ്കജിന് പരാതി ഉണ്ടായിരുന്നു.
ഹര്‍ഷിത ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നുവെന്ന് നോര്‍ത്താംപ്‌ടണ്‍ഷെയര്‍ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റബറില്‍ നോര്‍ത്താംപ്‌ടണ്‍ മജിസ്ട്രേറ്റ് കോടതി ഇവര്‍ക്കായി ഗാര്‍ഹിക പീഡന സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
നീതി ആവശ്യപ്പെട്ട് ഹര്‍ഷിതയുടെ മാതാപിതാക്കള്‍ : മകള്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ഷിത ബ്രെല്ലയുടെ മാതാപിതാക്കള്‍ രംഗത്ത് എത്തി. മരുമകനെ നിയമത്തിന്‍റെ മുന്നില്‍ എത്തിക്കണം. മകളുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നും ഹര്‍ഷിതയുടെ പിതാവ് സത്‌ബിര്‍ ബ്രെല്ല ബിബിസിയോട് പറഞ്ഞു.
നവംബര്‍ പത്തിനാണ് മകളുമായി അവസാനം സംസാരിച്ചത്. പങ്കജിന് അത്താഴമൊരുക്കി കാത്തിരിക്കുകയാണെന്നാണ് അപ്പോള്‍ മകള്‍ പറഞ്ഞത്. അടുത്ത രണ്ട് ദിവസം ഹര്‍ഷിതയുടെ ഫോണ്‍ ഓഫായിരുന്നു. ഇത് കുടുംബാംഗങ്ങളില്‍ ആശങ്കയുണ്ടാക്കി. തുടര്‍ന്ന് നോര്‍ത്താംപ്‌ടണ്‍ഷെയറിലെ പൊലീസുമായി അവര്‍ ബന്ധപ്പെട്ടു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും മൃതദേഹം കണ്ടെത്തിയതും. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടുകള്‍ തോറും കയറി ഇറങ്ങിയും സിസിടിവികള്‍ പരിശോധിച്ചും അടക്കമുള്ള അന്വേഷണം പൊലീസ് നടത്തുന്നുണ്ട്.
പൊലീസ് ഒന്നും ചെയ്‌തില്ല : തന്‍റെ സഹോദരിയെ സംരക്ഷിക്കാന്‍ പൊലീസ് ഒന്നും ചെയ്‌തിരുന്നില്ലെന്ന് ആരോപിച്ച് ഹര്‍ഷിതയുടെ മൂത്തസഹോദരി സോണിയ ദബാസ് രംഗത്ത് എത്തി. അവള്‍ നിരപരാധി ആയിരുന്നുവെന്നും സോണിയ ദി ഗാര്‍ഡിയനോട് പറഞ്ഞു. തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് യാതൊരു നടപടിയും കൈക്കൊണ്ടില്ല. പങ്കജിനൊപ്പം തന്നെ പൊലീസ് അവളെ പറഞ്ഞ് വിട്ടെന്നും സോണിയ ആരോപിച്ചു.