ന്യൂഡൽഹി : അയോധ്യയുടെ വികസനം തെരഞ്ഞെടുപ്പ് വാഗ്‌ദാനമാക്കി ബിജെപി. ഇന്ന് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് പാർട്ടി അധികാരം നിലനിർത്തിയാൽ അയോധ്യ രാമക്ഷേത്രത്തിന്‍റെ വികസനത്തിനും ശ്രീരാമൻ്റെ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് വാഗ്‌ദാനം നൽകിയത്. പ്രാണപ്രതിഷ്‌ഠ ചടങ്ങിന്‍റെ സ്‌മരണയ്‌ക്കായി ലോകമെമ്പാടും രാമായണ ഉത്സവം ആഘോഷിക്കുമെന്നും പാർട്ടി വാഗ്‌ദാനം ചെയ്‌തു.
ലോകത്തൊട്ടാകെയുള്ള രാമഭക്തർ അയോധ്യ സന്ദർശിക്കുമ്പോൾ, ആ നഗരത്തിന്‍റെ വികസനത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നാണ് ബിജെപി പ്രകടന പത്രികയിൽ പറയുന്നത്. 'സങ്കൽപ് പത്ര' എന്ന പേരിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ജെ പി നദ്ദ, അമിത് ഷാ, രാജ്‌നാഥ് സിങ്, നിർമ്മല സീതാരാമൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്.