ചണ്ഡിഗഢ്:2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമായ ഇന്ന് മുംബൈയില്‍ നിന്ന് ജന്മനാട്ടിലെത്തി ബോളിവുഡ് താരം ആയുഷ്‌മാന്‍ ഖുറാനെ വോട്ട് ചെയ്‌തു. ജനാധിപത്യത്തെ രൂപപ്പെടുത്തുന്നതില്‍ വോട്ട് ചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം തന്‍റെ പൗരാവകാശം വിനിയോഗിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി.
വോട്ടവകാശം വിനിയോഗിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ ജന്മനാട്ടിലെത്തിയത്. മുംബൈയില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് ഇക്കുറി വോട്ട് ചെയ്‌തത്. എന്നാല്‍ നാം നമ്മുടെ വോട്ട് രേഖപ്പെടുത്തും. വോട്ട് ചെയ്‌തില്ലെങ്കില്‍ നമുക്ക് പരാതിപ്പെടാന്‍ അവകാശമില്ല. താന്‍ കന്നി വോട്ട് ചെയ്‌ത അനുഭവങ്ങളും താരം പങ്കുവച്ചു. സൈക്കിളിലാണ് ആദ്യമായി വോട്ട് ചെയ്യാന്‍ പോയത്. വലിയ അമ്പരപ്പിലായിരുന്നു താന്‍.
ആറ് ഘട്ടങ്ങളിലായി 486 ലോക്‌സഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. ഇന്ന് ഏഴാംഘട്ടത്തില്‍ 57 മണ്ഡലങ്ങളിലെ പോളിങ്ങാണ് നടന്നത്.