അഹമ്മദാബാദ്:കൊടുംചൂടിനിടയിലും പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് പോളിങ്ങ് ബൂത്തില്‍ നിന്ന് കിട്ടുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഒരു സുസ്ഥിര സര്‍ക്കാരിനായി എല്ലാവരും വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. ജനാധിപത്യത്തിന്‍റെ ഈ ഉത്സവത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ടമാണ് ഇന്ന് നടക്കുന്നത്. അഴിമതിക്കെതിരെയുള്ള ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്‌തു. ദാരിദ്ര്യത്തെ തുടച്ച് നീക്കാനും സ്വയം പര്യാപ്‌ത ഇന്ത്യയെ സൃഷ്‌ടിക്കാനും വികസിത ഇന്ത്യയെ സൃഷ്‌ടിക്കാനും ലോകത്ത് എല്ലാ രംഗത്തും ഇന്ത്യയെ ഒന്നാം സ്ഥാനക്കാരാക്കാനും വേണ്ടി വോട്ട് ചെയ്യാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ ഗുജറാത്തില്‍ 20 ശതമാനം പേര്‍ വോട്ട് ചെയ്‌തെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്ഥിരതയും സുരക്ഷയും അഭിവൃദ്ധിയും ഉറപ്പാക്കുന്ന ഒരു സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുക്കുക തന്നെ ചെയ്യുമെന്ന് തനിക്ക് വിശ്വാസമുണ്ട്. എല്ലാ വോട്ടര്‍മാര്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.