ജയ്‌പൂര്‍:രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ ഷഹബാദ് സംരക്ഷിത മേഖലയിലെ കൊടുങ്കാട്ടിലുള്ള ഒരു ലക്ഷത്തോളം മരങ്ങള്‍ മുറിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍. പുത്തന്‍ ജലവൈദ്യുത പദ്ധതിക്കാണ് മരങ്ങള്‍ മുറിച്ച് മാറ്റുന്നത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
മരുസംസ്ഥാനമായ രാജസ്ഥാനിലെ ഒരു കുന്നിലാണ് 1800 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുദ്ദേശിക്കുന്നത്. പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും വനപ്രേമികളും പ്രദേശത്തെ താമസക്കാരും ഇതിനെതിരെ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മരങ്ങളെ കുരുതി കൊടുത്ത് ഇത്ര വലിയ പദ്ധതി വേണ്ടെന്നാണ് ഇവരുടെ നിലപാട്.
തങ്ങളുടെ ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സാമൂഹ്യമാധ്യമങ്ങളിലും വിഷയം വലിയ ചര്‍ച്ച ആയിട്ടുണ്ട്. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി കിട്ടിയതായി കോട്ടയിലെ മുഖ്യവനപാലകന്‍ ആര്‍ കെ ഖയര്‍വ പറഞ്ഞു. എങ്കിലും പരിസ്ഥിതി സ്‌നേഹികളുടെ ആശങ്കകള്‍ ഉന്നതതലത്തിലുള്ളവരെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തപേശ്വര്‍ ഭട്ടി എന്ന പരിസ്ഥിതി പ്രേമി പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ചു. കാടിനും വന്യജീവികള്‍ക്കും ഇതുണ്ടാക്കുന്ന ആഘാതങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. കുനോയുമായി ഏറെ അടുത്ത് കിടക്കുന്ന മേഖലയാണിത്. ഭട്ടിയും മറ്റ് പരിസ്ഥിതി സ്‌നേഹികളും നിരവധിയിടങ്ങളില്‍ പരാതി നല്‍കിക്കഴിഞ്ഞു. പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭത്തിനായി വിവിധ സംഘടനകളുടെ പിന്തുണയും ഇവര്‍ ഉറപ്പാക്കിക്കഴിഞ്ഞു.