ചെന്നൈ: ശിവകാശിയില്‍ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. വിരുദനഗര്‍ ജില്ല കലക്‌ടറാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, തമിഴ്‌നാട്ടിലും കനത്ത ചൂട് തുടരുകയാണ്. വടക്കൻ തമിഴ്‌നാട്ടിലെ പത്തോളം സ്ഥലങ്ങളിൽ 42 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടാണ് രേഖപ്പെടുത്തിയത്. കരൂരിൽ ഏറ്റവും ഉയർന്ന താപനില 44.3 ഡിഗ്രിയാണ്. ഇത് സാധാരണയേക്കാൾ 7 ഡിഗ്രി കൂടുതലാണെന്ന് ഐഎംഡി അറിയിച്ചു.
കടലൂർ, മധുര, നാമക്കൽ, ധർമപുരി, വെല്ലൂർ തുടങ്ങിയ ജില്ലകളിൽ ചൂട് 40 ഡിഗ്രിക്ക് മുകളിലാണ്. ഉൾപ്രദേശങ്ങളിലും പശ്ചിമഘട്ട മേഖലയിലും മൺസൂണിന് മുമ്പുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും ചെന്നൈ റീജിയണൽ മെറ്റീരിയോളജിക്കൽ സെന്‍റര്‍ ഡയറക്‌ടർ എസ് ബാലചന്ദ്രൻ പറഞ്ഞു.
അതേസമയം, രാജ്യത്തിന്‍റെ കിഴക്കൻ മേഖലയിൽ അടുത്ത മൂന്ന് ദിവസങ്ങളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത നാല് ദിവസങ്ങളിലും ചൂട് തുടരുമെന്ന് മുതിർന്ന ഐഎംഡി ശാസ്‌ത്രജ്ഞൻ നരേഷ് കുമാർ പറഞ്ഞു. ഒഡീഷ, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ ഉഷ്‌ണ തരംഗം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് ദിവസത്തിന് ശേഷം ഉഷ്‌ണ തരംഗം കുറയും.
ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും അടുത്ത നാല് ദിവസം സമാനമായ കാലാവസ്ഥ തുടരും. അരുണാചൽ പ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, ത്രിപുര, മിസോറാം എന്നിവിടങ്ങളിൽ രണ്ട് ദിവസത്തിന് ശേഷം അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും നരേഷ് കുമാർ അറിയിച്ചു.
Also Read :സംസ്ഥാനത്ത് ചൂട് തുടരും; ചൊവ്വാഴ്‌ച മുതല്‍ വടക്കന്‍ ജില്ലകളില്‍ മഴയ്‌ക്ക് സാധ്യത - Kerala Weather Update