ശ്രീനഗർ: ജമ്മു കശ്‌മീരില്‍ തീർഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ജമ്മു കശ്‌മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ. ഒമ്പത് തീർഥാടകരുടെ മരണത്തിനിടയാക്കിയ റിയാസിയിലെ ഭീകരാക്രമണം മേഖലയെ പ്രക്ഷുബ്‌ധമാക്കാനുള്ള നീചമായ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നികൃഷ്‌ടമായ ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും സിൻഹ പറഞ്ഞു. പരിക്കേറ്റവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ(ജൂൺ 9)യാണ് തീർഥാടകരുമായി ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് പോകുകയായിരുന്ന ബസിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് നിയന്ത്രണം നഷ്‌ടമായ ബസ് കൊക്കയിലേക്ക് മറിഞ്ഞു. പോണി മേഖലയിലെ തെര്യത്ത് ഗ്രാമത്തിന് സമീപം വൈകുന്നേരം 6.15 ഓടെയാണ് സംഭവം. അപകടത്തില്‍ പത്ത് തീർഥാടകർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഡൽഹി, യുപി, രാജസ്ഥാൻ എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്.