ന്യൂഡല്‍ഹി: എഴുത്തുകാരിയും ആക്‌ടിവിസ്‌റ്റുമായ അരുന്ധതി റോയ്, സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ മുൻ ഇന്‍റർ നാഷണൽ ലോ പ്രൊഫസർ ഷെയ്‌ഖ് സൗക്കത്ത് ഹുസൈന്‍ എന്നിവരെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന. 2010ല്‍ നടന്ന പരിപാടിക്കിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നതാണ് കേസ്. 2010 ഒക്‌ടോബർ 28ന് കശ്‌മീരിലെ സാമൂഹിക പ്രവർത്തകനായ സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്. വിഷയത്തില്‍ ഇരുവരും ഇതുവരെയും പ്രതികരിച്ചിട്ടില്ല.
രാജ് നിവാസാണ് ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ലഫ്. അനുമതി നല്‍കിയതായി അറിയിച്ചത്. 'ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന, എഴുത്തുകാരി അരുന്ധതി റോയ്, പ്രൊഫസര്‍ ഷെയ്‌ഖ് സൗക്കത്ത് ഹുസൈന്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി'യെന്ന് രാജ് നിവാസ് വെള്ളിയാഴ്‌ച (ജൂണ്‍ 14) അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സിആര്‍പിസി 190 പ്രകാരമാണ് ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്.