ഈറോഡ്: ലേലത്തിൽ വച്ച ഒരു ചെറിയ നാരങ്ങയ്ക്ക് ലഭിച്ച വില 35,000 രൂപ! തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. ക്ഷേത്രത്തിൽ ശിവരാത്രി പൂജയ്ക്ക് ഉപയോഗിച്ചതിനാലാണ് നാരങ്ങയ്ക്ക് വില ഉയർന്നത് (Lemon sold for Rs 35000).
ഈറോഡിൽ നിന്ന് 35 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ശിവഗിരി ഗ്രാമത്തിലെ പഴപൂശയൻ ക്ഷേത്രത്തിലാണ് ലേലം നടന്നത്. വെള്ളിയാഴ്‌ച ക്ഷേത്രത്തിൽ നടന്ന വിശേഷാൽ ശിവരാത്രി പൂജയിൽ ശിവന് നേദിച്ച നാരങ്ങയാണിത്. നാരങ്ങയ്ക്ക് പുറമെ മൂർത്തിക്ക് നേദിച്ച മറ്റ് ഫലമൂലാദികളും ലേലം ചെയ്‌തതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
നാരങ്ങയുടെ ലേലത്തിൽ 15 ഓളം ഭക്തർ പങ്കെടുത്തതായും ഈറോഡിൽ നിന്നുള്ള ഒരു ഭക്തന് 35,000 രൂപയ്ക്ക് നാരങ്ങ വിറ്റതായും അധികൃതർ പറഞ്ഞു. മേൽശാന്തിയുടെ കാർമികത്വത്തിൽ പൂജ നടത്തിയശേഷമാണ് ക്ഷേത്ര പൂജാരി നാരങ്ങ ലേലത്തിൽ വച്ചത്.
Also Read: 15 കിലോ തക്കാളിക്ക് 2200 രൂപ ! തക്കാളി ലേലത്തിൽ പോയത് റെക്കോഡ് തുകയ്‌ക്ക്
നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണ് ലേലം നടന്നത്. ശിവരാത്രി പൂജയ്ക്ക് ഉപയോഗിച്ച നാരങ്ങ വീട്ടിൽ സൂക്ഷിക്കുന്ന വ്യക്തിക്ക് വരും വർഷങ്ങളിൽ സമ്പത്തും ആയുരാരോഗ്യ സൗഖ്യവും ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം.