ന്യൂഡല്‍ഹി:നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അതിഷി മര്‍ലേന. ഞായറാഴ്‌ച (ഫെബ്രുവരി 9) ലെഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്‌സേനയ്ക്ക് അതിഷി രാജി സമർപ്പിച്ചു. ഇതോടെ ഡല്‍ഹി നിയമസഭ പിരിച്ചുവിട്ടതായി ഗവര്‍ണര്‍ അറിയിച്ചു. അതിഷി തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നുവെങ്കിലും ആംആദ്‌മിയുടെ മുതിര്‍ന്ന നേതാക്കള്‍ പരാജയപ്പെട്ടിരുന്നു.
കൽക്കാജി നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപിയുടെ രമേശ് ബിധൂരിക്കെതിരെ 3,500 വോട്ടുകൾക്കാണ് അതിഷി വിജയിച്ചത്. ആം ആദ്‌മി കൺവീനര്‍ അരവിന്ദ് കെജ്‌രിവാൾ ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞ വര്‍ഷംഅതിഷി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അതിഷി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. ആംആദ്‌മി നേതാക്കളെ ബിജെപി കള്ളക്കേസില്‍ കുടുക്കിയെന്ന് അതിഷി ആരോപിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ, പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 70 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടി ബിജെപി ഡൽഹിയിൽ വൻ വിജയം നേടി. കഴിഞ്ഞ രണ്ട് തവണയായി വൻ ഭൂരിപക്ഷം നേടി അധികാരത്തിലിരുന്ന ആം ആദ്‌മി പാർട്ടി 22 സീറ്റുകളായി ഒതുങ്ങി. തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസിന് രാജ്യതലസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായില്ല.