ബെംഗളുരു: എട്ട് വര്‍ഷം മുമ്പ് വിദേശത്ത് വച്ച് അപകടത്തില്‍ മരിച്ച സിദ്ധരാമയ്യയുടെ മകന്‍റെ മരണത്തെക്കുറിച്ച് മുഖ്യമന്ത്രി അന്വേഷണം നടത്താത്തത് എന്ത് കൊണ്ടെന്ന് ജനതാദള്‍ (എസ്) മുതിര്‍ന്ന നേതാവ് എച്ച്‌ഡി കുമാരസ്വാമി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടാത്തതിന്‍റെ കാരണം അറിയണമെന്നും കുമാരസ്വാമി പറഞ്ഞു.
കുമാരസ്വാമിയുടെ പരാമര്‍ശത്തെ തികഞ്ഞ അവജ്ഞയോടെ തള്ളിയിരിക്കുകയാണ് മുഖ്യമന്ത്രി. എന്ത് വിഡ്ഢിത്തമാണ് ഇയാള്‍ പറയുന്നതെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.
സിദ്ധരാമയ്യ ആദ്യം മുഖ്യമന്ത്രിയായ കാലത്ത് 2016 ജൂലൈ മുപ്പതിനാണ് വിവിധ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മകന്‍ രാകേഷ് സിദ്ധരാമയ്യ മരിച്ചത്. ബെല്‍ജിയത്തില്‍ വച്ച് ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഹാസനിലെ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ രാജ്യത്ത് നിന്ന് കടന്നത് മുത്തച്ഛന്‍ എച്ച്‌ഡി ദേവഗൗഡ അടക്കമുള്ള കുടുംബാംഗങ്ങളുടെ അറിവോടെയാണെന്ന സിദ്ധരാമയ്യയുടെ പ്രസ്‌താവനയാണ് കുമാരസ്വാമിയുടെ പരാമര്‍ശങ്ങള്‍ക്ക് ഹേതുവായത്. വിഷയം ചര്‍ച്ചയാക്കി നിര്‍ത്തുക എന്നതിന് അപ്പുറം പ്രജ്വലിന് എതിരെയുള്ള ലൈംഗിക പീഡന കേസില്‍ സത്യം പുറത്ത് കൊണ്ടുവരാന്‍ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും കുമാരസ്വാമി ആരോപിച്ചു.
മുഖ്യമന്ത്രിയുെട മകന്‍ വിദേശത്ത് പോയി ഒരു അപകടത്തില്‍ പെട്ടു. എന്തിനാണ് ഇയാള്‍ വിദേശത്ത് പോയത്. മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷമായിരുന്നോ ആ യാത്ര തുടങ്ങിയ ചോദ്യങ്ങളും മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ കുമാരസ്വാമി ഉയര്‍ത്തി. രാകേഷിന്‍റെ മരണത്തില്‍ എന്ത് കൊണ്ട് സിദ്ധരാമയ്യ അന്വേഷണം നടത്തുന്നില്ല?. എന്ത് കൊണ്ട് എല്ലാം മറച്ച് വയ്ക്കുന്നു?. മുഖ്യമന്ത്രിയാണോ അയാളെ വിദേശത്തേക്ക് അയച്ചത്?
2016ല്‍ രാകേഷ് നടത്തിയ ആ വിദേശയാത്രയില്‍ ഒപ്പം ആരൊക്കെ ഉണ്ടായിരുന്നു എന്ന കാര്യവും വെളിപ്പെടുത്തണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു. പ്രജ്വലിനെതിരെ ഉയര്‍ന്നിട്ടുള്ള ലൈംഗികപീഡന ആരോപണങ്ങള്‍ തങ്ങളുടെ കുടുംബത്തെ രാഷ്‌ട്രീയമായി വേരോടെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും കുമാരസ്വാമി പറഞ്ഞു.