കൊല്‍ക്കത്ത : ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവഡോക്‌ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് പശ്ചിമബംഗാളിലെ ജൂനിയര്‍ ഡോക്‌ടര്‍മാര്‍ നടത്തി വന്ന പണിമുടക്ക് പ്രക്ഷോഭം ഭാഗികമായി പിന്‍വലിച്ചു. വിവിധ മെഡിക്കല്‍ കോളജുകളിലെയും ആശുപത്രികളിലെയും അടിയന്തര വിഭാഗങ്ങളില്‍ നാളെ മുതല്‍ ജോലിയില്‍ പ്രവേശിക്കുമെന്നും ഇവര്‍ അറിയിച്ചു.
സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് ശേഷം ഉടലെടുത്തിട്ടുള്ള ആരോഗ്യ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച മെഡിക്കല്‍ ക്യാമ്പുകളിലും സേവനത്തിനെത്തുമെന്ന് ജൂനിയര്‍ ഡോക്‌ടര്‍മാര്‍ അറിയിച്ചു. അതേസമയം നീതിക്കായുള്ള തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചിട്ടില്ല. സ്വാസ്ഥ്യഭവന് മുന്നിലുള്ള കുത്തിയിരുപ്പ് സമരം ഇന്ന് കൊണ്ട് അവസാനിപ്പിക്കുകയാണെന്നും ഡോക്‌ടര്‍മാര്‍ വ്യക്തമാക്കി. പശ്ചിമബംഗാള്‍ സര്‍ക്കാരിന്‍റെ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതിനായി ഒരാഴ്‌ചത്തെ സമയം നല്‍കുമെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു.
അതേസമയം ആശുപത്രികളിലെ അടിയന്തര വിഭാഗങ്ങളിലും ക്യാമ്പുകളിലുമല്ലാതെ മറ്റൊരിടത്തും തങ്ങള്‍ സേവനത്തിനെത്തില്ലെന്നും ജൂനിയര്‍ ഡോക്‌ടര്‍മാരുടെ സംഘടന പ്രതിനിധി ഡോ. അങ്കിത് മഹാതോ വ്യക്തമാക്കി. സ്വാസ്ഥ്യ ഭവനില്‍ നിന്ന് സിബിഐ ഓഫിസിലേക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു റാലിയും സംഘടിപ്പിക്കുന്നുണ്ട്. ബലാത്സംഗക്കൊലപാതകത്തില്‍ നടക്കുന്ന അന്വേഷണം എത്രയും പെട്ടെന്ന് കൃത്യമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് റാലി നടത്തുക. ഇരയ്ക്ക് സിബിഐ നീതി ഉറപ്പാക്കണം. പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അങ്കിത് പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും