ന്യൂഡൽഹി:കൊൽക്കത്തയില്‍ യുവ ഡോക്‌ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനും പൊലീസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി സഞ്ജയ് ജയ്‌സ്വാൾ. വിഷയത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്നും അദ്ദേഹം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. 'ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകം ദൗർഭാഗ്യകരമാണ്.
കുറ്റകൃത്യം നടന്ന സ്ഥലത്ത് മാറ്റങ്ങള്‍ വരുത്തിയതായി സിബിഐ കോടതിയില്‍ പറഞ്ഞു. ഇത് പശ്ചിമ ബംഗാൾ സർക്കാരിനെയും പൊലീസിനെയും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നു. വിഷയത്തില്‍ സുപ്രീംകോടതി പ്രത്യേകം ശ്രദ്ധ നല്‍കണമെന്നും ജയ്‌സ്വാൾ ആവശ്യപ്പെട്ടു.
ഇന്നലെ (ഓഗസ്റ്റ് 23) ബംഗാളിലെ സീൽദ കോടതി മുഖ്യപ്രതി സഞ്ജയ് റോയ്‌യെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സിബിഐയുടെ മേൽനോട്ടത്തിൽ സെപ്റ്റംബർ ആറ് വരെ റോയ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. സഞ്ജയ് റോയിയെ നുണ പരിശോധനയ്‌ക്ക് വിധേയനാക്കാനും കൊല്‍ക്കത്ത പ്രത്യേക കോടതിയുടെ അനുമതി നല്‍കിയിരുന്നു.
ആർജി കർ മെഡിക്കൽ കോളജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഉള്‍പ്പെടെ സംഭവ ദിവസം മരിച്ച ഡോക്‌ടർക്കൊപ്പം അത്താഴം കഴിച്ച മറ്റ് അഞ്ച് പേരുടെ നുണ പരിശോധന നടത്താനുളള സിബിഐയുടെ അപേക്ഷയും സീല്‍ദായിലെ അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു.