ന്യൂഡൽഹി: ഡോക്‌ടര്‍മാരുടെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ ഓരോ രണ്ട് മണിക്കൂറിലും സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാൻ മുഴുവൻ സംസ്ഥാന പൊലീസ് സേനകള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം. വിവരങ്ങള്‍ കൈമാറാനായി പ്രത്യേക ഇ-മെയിൽ ഐഡിയും ഫാക്‌സ്, വാട്‌സ് ആപ്പ് നമ്പറുകളും ആഭ്യന്തര മന്ത്രാലയം സംസ്ഥാന പൊലീസ് സേനകള്‍ക്ക് നൽകി. കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ ഡോക്‌ടർമാർ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.
സംഭവത്തില്‍ അടിയന്തര നടപടികൾ സ്വീകരിക്കണം എന്നതാണ് ഡോക്‌ടർമാരുടെ പ്രധാന ആവശ്യം. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെയുളള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കേന്ദ്ര നിയമം കൊണ്ടുവരിക, ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക എന്നീ അവശ്യങ്ങളും പ്രതിഷേധക്കാര്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ട്.