കൊൽക്കത്ത (വെസ്‌റ്റ് ബംഗാൾ): ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷന് (സിബിഐ) കൈമാറിയതായി പൊലീസ് അറിയിച്ചു. കോടതിയുടെ നിർദേശപ്രകാരമാണ് എസ്ഐടി രേഖകൾ കൈമാറിയതെന്നും അവർ പറഞ്ഞു.
ഇന്നലെയാണ് (ഓഗസ്‌റ്റ് 23) മെഡിക്കൽ കോളജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഉൾപ്പെട്ട സാമ്പത്തിക ക്രമക്കേടുകളുടെ അന്വേഷണം കൊൽക്കത്ത ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. അതേസമയം, സന്ദീപ് ഘോഷ് ഇന്ന് (ഓഗസ്‌റ്റ് 24) കൊൽക്കത്തയിലെ സെൻട്രൽ ഗവൺമെൻ്റ് ഓഫീസ് കോംപ്ലക്‌സിലെ (സിജിഒ) സിബിഐ സ്‌പെഷ്യൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി.
കൊൽക്കത്തയിലെ ഡോക്‌ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിന്‍റെയും അതുമായി ബന്ധപ്പെട്ട മറ്റ് അഞ്ചുപേരുടെയും നുണപരിശോധന നടത്താൻ സിബിഐക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. ഈ അഞ്ച് പേരിൽ സംഭവം നടന്ന ദിവസം മരിച്ച ഡോക്‌ടർക്കൊപ്പം അത്താഴം കഴിച്ച നാല് ഡോക്‌ടർമാരും ഒരു പൗര സന്നദ്ധപ്രവർത്തകനും ഉൾപ്പെടുന്നുണ്ട്. സന്ദീപ് ഘോഷിനെതിരെ സാമ്പത്തിക ക്രമക്കേടും അനാശാസ്യവും ആരോപിച്ച് ആശുപത്രി മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് തീരുമാനം.
കൊൽക്കത്തയിൽ ട്രെയിനി ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണം കൈകാര്യം ചെയ്യുന്നതിനാലാണ് വിഷയം അന്വേഷിക്കാൻ ഹൈക്കോടതി സിബിഐയെ ചുമതലപ്പെടുത്തിയത്. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐക്ക് കോടതി മൂന്നാഴ്‌ച സമയം അനുവദിച്ചു. റിപ്പോർട്ട് അന്വേഷണ സംഘം സെപ്റ്റംബർ 17 ന് സമർപ്പിക്കും.